District News
നെടുമങ്ങാട്: പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരേയാണ് റിപ്പോർട്ട്.
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടെയെന്നും ഇക്കാര്യത്തിൽ നേരത്തെ തീരുമാനം എടുക്കാമായിരുന്നുവെന്നുമാണു കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. 37 കാരിയായ നിരഞ്ജനക്കാണു കുഞ്ഞിനെ നഷ്ടമായത്.
അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഡോക്ടർ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണു സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്കു വളർച്ച കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യമന്ത്രിക്കു കൈമാറും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്. പുലർച്ചെ വേദന തുടങ്ങിയിട്ടും വൈകുന്നേരത്തോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
സിസേറിയനു പിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെൺകുഞ്ഞാണു മരിച്ചത്. ഉത്തരവാദിയായ ഡോക്ടർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി കായ്പ്പാടി നൽകിയ പരാതിയിലാണു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
District News
നെടുമങ്ങാട്: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1293 കോടി രൂപ ചെലവിൽ നിർമിക്കുന്ന വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ചിന്റെ നിർമാണോദ്ഘാടനം, മൂന്നാം റീച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യൽ, 89.4 കോടി രൂപയിൽജില്ലാ ആശുപത്രിയിൽ ആറുനിലയിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, 9.61 കോടി ചെലവിൽ നിർമിച്ച ടൂറിസം വകുപ്പിന്റെ മോട്ടൽ ആരാം ഉദ്ഘാടനം, 2.95 കോടി രൂപയ്ക്ക് അഗ്നിരക്ഷാസേനയ്ക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.
District News
പേരൂര്‍ക്കട: കോട്ടയ്ക്കകം രാജധാനി ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് ബാര്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു രണ്ടുപേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. പാല്‍ക്കുളങ്ങര മാനവ നഗര്‍ വയലില്‍ വീട്ടില്‍ ഉണ്ണി (24), കോട്ടയം വൈക്കം കൊള്ളുപുരയ്ക്കല് ഹൗസില്‍ ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതിയായ ഉണ്ണി ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ ലോക്ക് പൊട്ടിച്ചശേഷം ഉരുട്ടി കിഴക്കേക്കോട്ട ഭാഗത്ത് എത്തിച്ചു. ജിനു ബേബി ഈ വാഹനത്തിന് 2500 രൂപ നല്‍കിയശേഷം വാഹനവുമായി സ്ഥലംവിട്ടു.
ജിനു പിന്നീട് വാഹനം പൊളിച്ച് യന്ത്രഭാഗങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിച്ചശേഷം അട്ടക്കുളങ്ങരയിലെ ഒരു സ്ക്രാപ് കടയില്‍ 5000 രൂപയ് ക്കു വില്‍പ്പന നടത്തി. ജിനു ബേബിക്കെതിരേ എറണാകുളം ജില്ലയില്‍ നിരവധി മോഷണക്കേസുകളുണ്ട്. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഫോര്‍ട്ട് സിഐ എസ്.ബി. പ്രവീണ്‍, എസ്ഐമാരായ അനു എസ്. നായര്‍, സുജോ ജോര്‍ജ് ആന്റണി, എഎസ്ഐ സിജുമോന്‍, സിപിഒമാരായ സുനില്‍കുമാര്‍, ഗിരീഷ്, ഷിബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.
District News
തിരുവല്ലം: പൂങ്കുളത്ത് കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ രണ്ടു തലയോട്ടികളും അസ്ഥിക്കഷണങ്ങളും സപീപവാസിയായ മെഡിക്കല്‍ വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതെന്നു തിരുവല്ലം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയ പുരയിടത്തിനു സമീപത്തായി താമസിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി പഠനത്തിനായി ഉപയോഗിച്ചതാണ് ഇവയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വീടിന്റെ ടെറസിനുമുകളില്‍ സൂക്ഷിച്ചിരുന്ന തലയോട്ടികളും അസ്ഥിക്കഷ ണങ്ങളും വീടു വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടിട്ടതെന്ന് കണ്ടെത്തിയതായി തിരുവല്ലം പോലീസ് അറിയിച്ചു. എന്നാല്‍ അസ്വാഭാവികമായി തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ കോളജിലെത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് പൂങ്കുളം ആനക്കുഴി റോഡിലുള്ള തൈക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ പ്ലാസ്റ്റിക് കവറിനുള്ളിലും പുറത്തുമായി തലയോട്ടികളും അസ്ഥിക്കഷണളും കണ്ടെത്തിയത്. സമീപത്തു താമസിക്കുന്ന പുരയിടം സൂക്ഷിപ്പുകാരന് ചക്ക പറിക്കാന്‍ എത്തിയപ്പോഴാണ് തലയോട്ടികള്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവല്ലം പോലീസില്‍ വിവരം അറിയിച്ചതോടെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
District News
പാലോട് : വാമനപുരം മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി എംഎൽഎ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി 25 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
ഇതിനായി 59,54,353 രൂപയുടെ ഭരണാനുമതി ജില്ലാ കളക്ടർ നൽകി. കല്ലറ പഞ്ചായത്തിൽ പരപ്പിൽ ബസ് സ്റ്റാൻഡ്, പഴയ ചന്ത, ഊന്നൻപാറ, വൈദ്യൻ മുക്ക്, മുള മുക്ക്, പെരിങ്ങമ്മല പഞ്ചായത്തിൽ പൊൻമുടി അപ്പർ സാനിട്ടോറിയം (ഹൈമാസ്റ്റ് ), ഇടക്കോളനി, ഇരുതോട്, ഇക്ബാൽ ഹൈസ്കൂൾ ജംഗ്ഷൻ,
പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ ഓട്ടോ സ്റ്റാൻഡ്, വി.കെ. പൊയ്ക, വട്ടക്കരിക്കകം ആയിരവല്ലി ജംഗ്ഷൻ, വാഴത്തോപ്പു പച്ച, നന്ദിയോട് പഞ്ചായത്തിലെ ആനകുളം ടവർ, പൊട്ടൻചിറ, തുമ്പാനൂർ, ആനാട് പഞ്ചായത്തിലെ ആലംകോട്, ആയൂർവേദ ആശുപത്രി ജംഗ്ഷൻ, വേങ്കവിള റോയൽസിമ്മിംഗ് പൂൾ, ഇരിയനാട്, പനവൂർ പഞ്ചായത്തിലെ പുള്ളിയിൽ ആയിരവല്ലി ക്ഷേത്രം, ഏറെ പേരയം, നെടുമ്പ, പുല്ലമ്പാറ പഞ്ചായത്തിലെ തെള്ളിക്കച്ചാൽ, വെള്ളാണിക്കര ശിവക്ഷേത്രം ജംഗ്ഷൻ, ചക്കക്കാട് ജംഗ്ഷനുകളിലാണ് പുതിയതായി ലൈറ്റുകൾ സ്ഥാപിക്കുന്നത്.
ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎ ഫണ്ടിൽനിന്ന് മണ്ഡലത്തിൽ സ്ഥാപിക്കുന്ന ലൈറ്റുകളുടെ എണ്ണം 75 ആയി. മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടികൾ ഈ മാസം തന്നെ ആരംഭിക്കുന്നതാണെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
District News
വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനു തീപിടിച്ചു. ഉടമസ്ഥൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ബാറ്ററിയും എൻജിനും പൊട്ടിത്തെറിച്ച ബുള്ളറ്റ് പൂർണമായി കത്തി നശിച്ചു. വിഴിഞ്ഞം വെങ്ങാനൂർ കട്ടച്ചൽമേലെ വീട്ടിൽ നിതീഷിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് കത്തിയമർന്നത്. സ്വകാര്യ ആവശ്യത്തിനായി പെരിങ്ങമ്മലയിൽപോയി വരുന്നതിനിടെ ഇന്ധനമടിച്ച ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. പതിവില്ലാത്ത രീതിയിൽ കുലുക്കവും ശബ്ദവും ഉണ്ടായെങ്കിലും കാര്യമാക്കിയിരുന്നില്ല. വീടിന്റെ ഗേറ്റുതുറന്നു മുറ്റത്ത് എത്തുന്നതിനിടയിൽ ബുള്ളറ്റിൽനിന്നു തീയും പുകയും വരികയായിരുന്നു. എൻജിൻ ഓഫാക്കാതെ വാഹനത്തിൽ ഇരുന്നു തന്നെ തീയണക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു.
തീയണക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിതീഷ് ഫയർഫോഴ്സിന്റെ സഹായം തേടി. ബുള്ളറ്റിന്റെ എൻജിനും ബാറ്ററിയുമെല്ലാം ശബ്ദത്തോടെ പൊട്ടിത്തെറച്ചതോടെ നാട്ടുകാരും അടുത്തില്ല. ഒടുവിൽ വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും ബുള്ളറ്റ് പൂർണമായും നശിച്ചു.
District News
നെയ്യാറ്റിന്‍കര: നഗരസഭയിലെ കുളങ്ങള്‍ നവീകരിക്കുമെന്ന ഭരണസമിതിയുടെ വാഗ്ദാനം കടലാസിലൊതുങ്ങുന്നുവെന്ന് ആക്ഷേപം. 2025- 2026 സാന്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ കുളങ്ങള്‍ നവീകരിക്കുമെന്നു പുതിയ വാര്‍ഷിക പദ്ധതിയിലെ കരട് രേഖയില്‍ ഭരണസമിതി അവകാശപ്പെടുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ശാസ്താംകോവില്‍ കുളം നവീകരിക്കും. ചുറ്റിലും തറയോട് പാകി ഇരിപ്പിടങ്ങളും ഓപ്പണ്‍ ജിമ്മും സ്ഥാപിക്കുമെന്നും പറയപ്പെടുന്നു.
പുത്തന്പലം വാര്‍ഡിലാണ് മൂലച്ചല്ക്കോണം കുളം. ഈ ജലാശയത്തിലെ വെള്ളം ചോര്ന്നുപോകാതിരിക്കാനാണു നവീകരിക്കുന്നത്. പള്ളിവിളാകം വാര്‍ഡിലെ മരുത്തൂര്‍ കൂളം, വെന്പതിക്കര കുളം, കളത്തുവിള വാര്‍ഡിലെ കൈതക്കുളം, നെടുംകുളം, കുറക്കോട്ടുകോണം കുളം, ആലംപൊറ്റ വാര്‍ഡിലെ കോട്ടൂര്ക്കുളം, തൊഴുക്കല്‍ വാര്‍ഡിലെ എയര്ത്തോട്ടുകുളം, കുളത്താമല്‍ വാര്‍ഡിലെ വെണ്‍കുളം,
ഇരുന്പില്‍ വാര്‍ഡിലെ ഇരുന്പില്‍ കുളം, നാരായണപുരം വാര്‍ഡിലെ തട്ടാരക്കോണം കുളം, അമ്മോട്ടുകോണം കുളം, പുല്ലാമല വാര്‍ഡിലെ പുത്തന്‍കുളം, ചുണ്ടവിള വാര്‍ഡിലെ അത്താഴമംഗലം തെക്കേകുളം, അത്താഴമംഗലം വാര്‍ഡിലെ അത്താഴമംഗലം വടക്കേകുളം മുതലായവയുടെ നവീകരണം 2025 -26 സാന്പത്തിക വര്‍ഷത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ മുഴുവന്‍ കുളങ്ങളും ഉപയോഗയോഗ്യമാക്കണമെന്ന പരിസ്ഥിതി സ്നേഹികളുടെ ആവശ്യം അധികൃതര്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല.
വര്‍ഷംതോറും അവതരിപ്പിക്കുന്ന നഗരസഭ ബജറ്റില്‍ ജലാശയങ്ങളുടെ നവീകരണത്തിന് വന്‍തുകകള്‍ നീക്കി വയ്ക്കാറുണ്ടെങ്കിലും ഫലപ്രദമായി നടത്താറില്ലെന്ന ആരോപണവും ശക്തം. പല കുളങ്ങളും സമീപവാസികള്‍ക്ക് ഒരുകാലത്ത് ഉപയോഗയോഗ്യമായിരുന്നു. മതിയായ സംരക്ഷണമില്ലാതെയാണ് അവയെല്ലാം നശിച്ചതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
District News
തിരുവനന്തപുരം: മെഡിക്കൽ കോ ളജുകളിലെ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് രോഗികൾ. ഒപികളിൽ ജൂണിയർ ഡോക്ടർമാരെക്കണ്ടു മടങ്ങുകയാണ് രോഗികൾ. അതേസമയം വിട്ടുവീഴ്ചയ്ക്ക് ആരോഗ്യവകുപ്പും ഡോക്ടർമാരും തയാറല്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ക്കണ്ടു പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം.
ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യമേഖലയിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നു കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഒറ്റമൂലികൊണ്ട് പരിഹാരം കാണാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നും കെജിഎംസിടിഎ പ്രതികരിച്ചു. ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാമെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയമില്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും ഭാരവാഹികൾ പറഞ്ഞു.
District News
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിൽ 25,26,325 വോട്ടർമാർ. ഇതിൽ 13,21,354 പേർ പുരുഷ ന്മാരും 12,04,917 പേർ സ്ത്രീകളും 54 പേർ ഭിന്നലിംഗക്കാരുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോവളം നിയോജകമണ്ഡലത്തിലാണ്; 199738. ഇതിൽ 97, 640 പേർ പുരുഷന്മാരും 1,02,096 പേർ സ്ത്രീകളും ഭിന്നലിംഗക്കാർ രണ്ടു പേരുമാണ്.
വർക്കലയിൽ ആകെ വോട്ടർമാരുടെ എണ്ണം 1,82,681 ആണ്. ഇതിൽ 85,848 പേർ പുരുഷന്മാരും 96,830 പേർ സ്ത്രീകളും മൂന്നു പേർ ഭിന്ന ലിംഗക്കാരുമാണ്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 1,97,231 വോട്ടർമാരിൽ 91,277 പേർ പുരുഷന്മാരും 1,05,951 പേർ സ്ത്രീകളും മൂന്നുപേർ ഭിന്നലിംഗക്കാരുമാണ്.
ചിറയിൻ കീഴ് മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,94,181 ആണ്. 90,033 പുരുഷന്മാരും 1,04,140 സ്ത്രീകളും എട്ടു ഭിന്നലിംഗക്കാരും ഇതിൽ ഉൾപ്പെടുന്നു. നെടുമങ്ങാട് മണ്ഡലത്തിൽ 93,730 പുരുഷ വോട്ടർമാരും 1,03, 276 സ്ത്രീ വോട്ടർമാരും ഒരു ഭിന്നലിംഗ വോട്ടറും ഉൾപ്പെടെ ആകെ 1,97,007 വോട്ടർമാരാണുള്ളത്. 87,908 - 99, 208- രണ്ട് എന്നിങ്ങനെയാണ് വാമനപുരം മണ്ഡലത്തിലെ പുരുഷ-വനിത-ഭിന്നലിംഗ വോട്ടർമാരുടെ എണ്ണം. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,87,118 ആണ്.
മറ്റു മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കു ന്നു. മണ്ഡലം: ആകെ വോട്ടർമാർ-പുരുഷൻ-വനിത-ഭിന്നലിംഗം എന്നിവ ക്രമത്തിൽ.
കഴക്കൂട്ടം: 1,62,723-77,813-84, 910-പൂജ്യം, വട്ടിയൂർക്കാവ്: 1,63, 063- 77,550-85,510-മൂന്ന്, തിരുവനന്തപുരം:1,57,453- 75,669-81,769-15, നേമം: 1,69,371-81,809-87,553-ഒൻപത്, അരുവിക്കര:180182- 85, 576-94604-രണ്ട്, പാറശാല:1,93, 742- 94.113-99628-ഒന്ന്, കാട്ടാക്കട: 1,75,589-84,293-91,292-നാല്, നെയ്യാറ്റിൻകര:166246-81658-84587-01.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ 30-ാം വാർഷികം നിഡ്സോത്സവ് - 2026 ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത ബിഷപ് റവ. ഡോ. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.
നിഡ്സ് പ്രസിഡന്റും നെയ്യാറ്റിൻകര രൂപത വികാരി ജനറാളുമായ മോൺ. ക്രിസ്തുദാസ് തോംസൻ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത ബിഷപ് എമരിറ്റസ് റവ. ഡോ. വിൻസന്റ് സാമുവൽ അനുഗ്രഹപ്രഭാഷണം നടത്തി. കമ്മീഷൻ സെക്രട്ടറി ഫാ. സുജിൻ ജോൺസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നിഡ്സ് മുൻ പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി.
മികച്ച സ്കൂളിനുള്ള എൻ.ടി. ജോർജ് മെമ്മോറിയൽ അവാർഡ് കള്ളിക്കാട് സെന്റ് അന്നാ എൽപിസ്കൂൾ വിദ്യാർഥികൾക്ക് കെ. ആൻസലൻ എംഎൽഎയും ദേവദാസ് മെമ്മോറിയൽ അവാർഡ് ശരണ്യയ്ക്ക് എം. വിൻസന്റ് എംഎൽഎയും സമ്മാനിച്ചു.
വാർഷിക റിപ്പോർട്ടിന്റെ പ്രകാശനം ബിഷപ് റവ. ഡോ. സെൽവരാജൻ, നിഡ്സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യയ്ക്കു നൽകി നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ബോർഡ് ഫോർ എഡ്യൂക്കേഷൻ പ്രൊമോഷൻ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ നിർവഹിച്ചു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, കെഎസ്ബിസിഡിസി നെയ്യാറ്റിൻകര മാനേജർ പി.ഡി. അനില, നിഡ്സ് മേഖല കോ-ഓഡിനേറ്റർ ഫാ. ബിനു വർഗീസ്, വർക്കിംഗ് കൺവീനർ ഫാ. ലോറൻസ് എന്നിവർ പ്രസംഗിച്ചു.
നെയ്യാറ്റിൻകര രൂപത ബിഷപ് റവ. ഡോ. സെൽവരാജൻ, ബിഷപ് എമിരറ്റസ് വിൻസന്റ് സാമുവൽ, നിഡ്സ് മുൻ പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ്, മുൻ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, മില്യനെയർ ഫാർമർ ഓഫ് ഇന്ത്യയുടെ മികച്ച കർഷക കോ-ഓഡിനേറ്റർ ദേശീയ പുരസ്കാര ജേതാവ് സുനിൽകുമാർ, കള്ളിക്കാട് സെന്റ് അന്നാ എൽപിഎസ് സ്കൂൾ മികച്ച കർഷക അധ്യാപകൻ സെൽവരാജ്, യുവ കർഷക ദേശീയ അവാർഡ് ജേതാവ് സിജു, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ ഷെറിൻ, ബിഎസ്സി നഴ്സിംഗിനു രണ്ടാം റാങ്ക് നേടിയ കുമാരി നിത്യ റ്റൈറ്റസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മികച്ച നിഡ്സ് യൂണിറ്റ്, ക്രഡിറ്റ് യൂണിയൻ, നഴ്സറി സ്കൂൾ, വനിതാവേദി, കോൾപിംഗ് എസ്എച്ച്ജി, കർഷക ക്ലബ്, മികച്ച സ്കൂൾ, ദേവദാസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്, ബാലകർഷക, സമഗ്രകൃഷി, ടെറസിലെ കൃഷി, വീട്ടുവളപ്പിലെ കൃഷി, ക്ഷീര കർഷക എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
District News
തിരുവല്ലം: ജെസിബി ഉപയോഗിച്ച് സ്വന്തം വസ്തുവില്‍നിന്നും മണ്ണുനീക്കം ചെയ്ത ഭൂവുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് സ്വദേശി സഫറുള്ള ഖാന് (30) , കോളിയൂര്‍ മുട്ടയ്ക്കാട് കൈലിപ്പാറ സ്വദേശി ധനുഷ് (25), വിഴിഞ്ഞം തെന്നൂര്‍ക്കോണം കൈതവിളാകം സ്വദേശി അജി (25), കോളിയൂര്‍ മുട്ടയ്ക്കാട് ചിത്രാനഗര്‍ സ്വദേശി നിധിന് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളിയൂരിനു സമീപത്തുള്ള വസ്തുവില്‍ നിന്നും കോവളം സ്വദേശി വിക്രമന് (54) ദിവസങ്ങളായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
സംഭവദിവസമായ വെള്ളിയാഴ്ച പകല്‍ വസ്തുവിനു സമീപത്തെത്തിയ പ്രതികള്‍ നാലുപേരും ചേര്‍ന്ന് വിക്രമനോട് പണം ആവശ്യപ്പെടുകയും നല്‍കാത്തതിനെത്തുടര്‍ന്ന് വിക്രമനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നു വിക്രമന് തിരുവല്ലം പോലീസ് സ്റ്റേഷനിൽ പ്രതികള്‍ക്കെതിരെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ നാലുപേരുയും പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അരുണ്‍, മഹേഷ്, എസ്സിപിഒ പ്രദീപ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
നെടുമങ്ങാട്: നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനി പിടിയിലായി. തിരുവനന്തപുരം പേട്ട ആനയറ കടകംപള്ളി പുളിക്കൽ അമ്പു ഭവനിൽ ലതികയുടെ മകൾ ബീനയെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പാറശാലയിലുള്ള സരസ്വതി കോളജ് ഓഫ് നഴ്സിംഗിൽ മകൾക്ക് അഡ്മിഷൻ വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ചു പരാതിക്കാരിയിൽ നിന്നും 2,21,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പണം കൈപ്പറ്റിയശേഷം അഡ്മിഷൻ വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ പരാതിക്കാരിയെ വഞ്ചിക്കുകയായിരുന്നു. ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
District News
നേമം : കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കാലത്തും നാടിനു ലഭിച്ച സംഭാവനങ്ങളെ മാനിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തിന് ആവശ്യമെന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. തിരുവനന്തപുരം നഗരസഭ വികസന സെമിനാര്‍ നേമം അല്‍സാജ് കണ്വെന്ഷന് സെൻഖറില് ഉദ്ഘാടനം ചെയ്യുക യായിരുന്നു ജോർജ് കുര്യൻ.
എല്ലാ കാലത്തും വികസനത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. എങ്കിലും മുമ്പേയുള്ളവരുടെ സംഭാവനകള്‍ മനസിലുണ്ടാകണം. കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കതീതമായി ജനപ്രതിനിധികള്‍ പ്രവര്‍ത്തിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നിടത്താണ് വിജയം. തിരുവനന്തപുരത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ കോര്പറേഷന്, സര്‍ക്കാര്‍ വഴി കേന്ദ്രത്തോട് ആവശ്യപ്പെടണം.
കേന്ദ്ര ബജറ്റില്‍ അഞ്ച് യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ സാധ്യതകളുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സോളാര്‍ എനര്ജിയിലേയ്ക്ക് എല്ലാവരും മാറണം.
സോളാറിൽ പ്രവര്‍ത്തിക്കുന്ന ലോകത്തെത്തന്നെ ആദ്യത്തെ എയര്‍പോര്‍ട്ടാണ് നെടുമ്പാശേരി എന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.വി. രാജേഷ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശനാഥ്, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്മാരായ കരമന അജിത്ത്, പാറ്റൂര്‍ രാധാകൃഷ്ണന്, ചെമ്പഴന്തി ഉദയന്‍, അധ്യക്ഷ മഞ്ജു, വി. സത്യവതി, കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, എസ്.പി. ദീപക്, കെ.എസ്. ശബരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മലയിൻകീഴ്: വീട്ടിലേക്കു ബോംബെറിഞ്ഞ് ബൈക്ക് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുളിയറക്കോണം പെട്രോൾ പമ്പിനു സമീപത്തുനിന്ന് വട്ടിയൂർക്കാവ് മലമുകൾ വട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന എസ്. ശ്രീനാഥ് (24), പുളിയറക്കോണം വടക്കുംകര വീട്ടിൽ ബി. ആദർശ് (23) എന്നിവരെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 18നു രാത്രി പുളിയറക്കോണം രാമേശ്വരം ക്ഷേത്രത്തിലെ ഉത്സവസമാപനത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര തടയാനും അലങ്കോലപ്പെടുത്താനുള്ള ശ്രമം തടഞ്ഞതിലുള്ള വൈരാഗ്യത്തിലാണ്, ഉത്സവസമിതി അംഗമായ സുരേഷിന്റെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞതെന്നു പോലീസ് പറഞ്ഞു. വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് ബോംബേറിൽ കത്തിനശിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
ഒപിയിൽ തിക്കും തിരക്കും, പിജി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി
പേരൂര്‍ക്കട: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സമരം നീളുന്നതിനാല്‍ മെഡിക്കൽ കോളജിലും രോഗികളും വലയുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം നടത്തിവരുന്നത്. ഇത് രോഗികളെ ബാധിക്കുന്നുണ്ട്. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരുമാണ് ദിവസങ്ങളായി ഒപിയില്‍ രോഗികളെ പരിശോധിച്ചു വരുന്നത്.
ഡോക്ടര്‍മാരുടെ സമരം മൂലം പിജി വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. ഒപിയില്‍ എത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ വരുന്നതിനാല്‍ വാക്കേറ്റത്തിനു വരെ തയ്യാറാകുന്നുണ്ട്. വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധുക്കളുമൊത്ത് ആശുപത്രിയില്‍ എത്തി കാത്തിരുന്ന് തിരികെപ്പോകുന്ന അവസ്ഥ ഇന്നലെയും ഉണ്ടായി. പലരും ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും പരിശോധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എത്തിച്ചേരുന്നത്.
ദൂരെസ്ഥലങ്ങളില്‍ നിന്ന് എത്തി ചികിത്സതേടി പോകാം എന്ന ധാരണയില്‍ മെഡിക്കല്‍കോളജില്‍ തമ്പടിച്ച് രണ്ടുദിവസമായി കാത്തുനിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന ഒപിയിലുള്ള തിരക്കും വാക്കേറ്റങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിവിധ താലൂക്കുകളില്‍ നിന്നും ദൂരെ ജില്ലകളില്‍ നിന്നുപോലും തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. ഇവരെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന കാര്യംപോലും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.
സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കുറച്ചുപേരെങ്കിലും സമരത്തില്‍ നിന്നു പിന്മാറുമെന്ന ധാരണയിലായിരുന്നു ഇത്. എന്നാല്‍ ദിനംപ്രതി മെഡിക്കല്‍കോളജിലെ ചികിത്സാ പ്രതിസന്ധി തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
നെടുമങ്ങാട് ജില്ലാ ആശുപത്രി : ഒപി സേവനങ്ങൾ തുടർന്നും ബഹിഷ്കരിക്കും
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു നെടുമങ്ങാട് ജില്ലാ ആശുപത്രി ഒപി കൗണ്ടറുകൾ പ്രവർത്തനരഹിതമാണ്. ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നിലവിലെ സമര പരിപാടികൾ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായി സംഘടന അറിയിച്ചു.
യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒപി സേവനങ്ങൾ തുടർന്നും ബഹിഷ്കരിക്കും. അടിയന്തര സേവനങ്ങൾ മാത്രം തുടരുമെന്ന് സംഘടന വ്യക്തമാക്കി.
District News
പാറശാല : പൊടിപടലങ്ങൾ രണ്ടു മിനിട്ടോളം ചുഴലിക്കാറ്റിന്റെ രൂപത്തിൽ ചുറ്റിയടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാറശാല കുറുംങ്കൂട്ടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളിലെ മൈതാനത്തിലാണ് പൊടിപടലങ്ങൾ ചുഴലിക്കാറ്റിന്റെ രൂപമാർജിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 നാണ് പൊടി ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.
പൊടിപടലം അതിവേഗം വളരെ പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങുകയായിരുന്നു. മിനിറ്റുകളോളം നീണ്ടു നിന്ന ഈ അത്ഭുത പ്രതിഭാസം ഡിപ്പോയില്‍ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഭയത്തോടെയും അന്പരപ്പോടെയുമാണ് ആണ് നോക്കി കണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
District News
തിരുവനന്തപുരം: കേരള സർവകലാശാലാ ഇന്റർ-കോളീജിയറ്റ് വനിതാ സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍ കിരീടം. പാളയം നാഷണൽ ഗെയിംസ് സ്ക്വാഷ് കോർട്ടിൽ നടന്ന മത്സരത്തിൽ മാർ ഈവാനിയോസ് കോളജിനെപരാജയപ്പെടുത്തിയാണ് എൽഎൻസിപിഇ കിരീടം നേടിയത്.
സംസ്ഥാന ചാന്പ്യൻ സുഭദ്ര കെ. സോണി നയിച്ച ടീമിൽ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ആർ.ശിവരഞ്ജിനി, അർണ സിംഗ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ്, ഗവണ്മെന്റ് കോളജ് തുടങ്ങിയ ടീമുകളെ മറികടന്നാണ് എൽഎൻസിപിഇ കലാശപ്പോട്ടാത്തിലെത്തിയത്.
പുരുഷ വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് ചാന്പ്യന്മാരായി. വിജയികളായ ടീമുകൾ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാർ സർവകലാശാലയിൽ നടത്തുന്ന ഓൾ ഇന്ത്യ ഇന്റർ-യൂണിവേഴ്സിറ്റി സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ കേരള സർവകലാശാലയെ പ്രതിനിധീകരിക്കും.
District News
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് എൻഎസ്എസ് യൂണിറ്റ് കോളജിലെ ചാവറ കനിവ് എന്ന ജീവകാരുണ്യ സംഘടനയുമായി സഹകരിച്ചു പണവിള പുത്തൻ വീട്ടിൽ ചന്ദ്രൻ -പ്രേമകുമാരി ദമ്പതികൾക്ക് വീട് നിർമിച്ചുനൽകി. കോളജിനു സമീപം നിർമിച്ച വീടിന്റെ പ്രവേശന കർമം മാനേജർ റവ.ഫാദർ സിറിയക് മഠത്തിൽ സിഎംഐയുടെ നേതൃത്വത്തിൽ നടത്തി.
കോളജ് ബർസാർ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ , പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ.രാജേഷ് കുമാർ, ഡി.വി.ആതിര, കാമ്പസ് സൂപ്പർ വൈസർ ജോസ്മോൻ ,വിദ്യാർഥികൾ, ചന്ദ്രന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്രൈസ്റ്റ് നഗർ കോളജ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചുനൽകിയ എട്ടാമത്തെ വീടാണിത്.
District News
നെടുമങ്ങാട് : പതിനൊന്നുകാരിയായ മകളുടെ മുന്നിൽവെച്ച് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ അമ്മയും മകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴവിള അപ്പൂപ്പൻപാറ സ്വദേശിനി സിന്ധുവിനെ ഒപ്പം താമസിച്ചുവരികയായിരുന്ന ചന്തക്കുന്ന് നിവാസി സാഗറും മാതാവ് റാഹിലാ ബീവിയും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നുവെന്നാണ് കേസ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്തദിവസം സിന്ധു മരിച്ചു.പരിസരവാസികളായ ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സിന്ധുവിന്റെ മകളുടെ മൊഴി നിർണായകമായി.
2016 ഡിസംബർ 9ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്.നെടുമങ്ങാട് എസ്സി/എസ്ടി കോടതി ജഡ്ജി ഷാജഹാനാണ് ഒന്നും രണ്ടും പ്രതികളായ സാഗറിനെയും റാഹിലാ ബീവിയെയും കുറ്റക്കാരായി കണ്ടെത്തിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.ആർ.സന്ദീപ് ഹാജരായി. കേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും.
District News
തിരുവനന്തപുരം: നഗരത്തിലെ പ്രധാന സ്കൂളുകള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ കഫേ നടപ്പാക്കണമെന്നു കോര്‍പറേഷന്റെ 14–ാം പഞ്ചവല്‍സര പദ്ധതിയുടെ അഞ്ചാം വാര്‍ഷിക പദ്ധതി കരട് രേഖയില്‍ നിര്‍ദേശം.
നിര്‍ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന കോര്പറേഷന് കൗണ്‍സിലില്‍ അവതരിപ്പിച്ചു. മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപം വലിയ മൃഗങ്ങളെ മറവുചെയ്യുന്നതിനുള്ള ശ്മശാനം നിര്‍മിക്കണമെന്നും ഉറവിട മാലിന്യ സംസ്കരണത്തിനു ഈ സാമ്പത്തിക വര്‍ഷം കാല്‍ലക്ഷം ബിന്നുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
അജൈവ മാലിന്യം സൂക്ഷിക്കാന്‍ വീടുകളില്‍ തുണി സഞ്ചി വിതരണം ചെയ്യണം.
വീടുകളുടെ മേല്‍ക്കൂര മാറ്റുന്നതിനുള്ള ധനസഹായം 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തണം.
നിലവിലുള്ള പൈപ്പ് ലൈനിന്റെ നീളവും വ്യാസവും കൂട്ടണം.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യ വാട്ടര്‍ കണക!്ഷഷന് നല്‍കണം.
ഉടമ നേരിട്ട് കൃഷി ചെയ്യാത്ത സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കൈമാറണം.
വയോജനങ്ങള്‍ക്ക് യോഗ ഹാളും എല്ലാ വാര്‍ഡുകളിലും വയോജന ക്ലബുകളും രൂപീകരിക്കണം.
കലോത്സവങ്ങളില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടുന്ന നഗര പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കണം.
District News
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ചത്തു. 17 വയസ് പ്രായമുള്ള മലർ എന്ന വെള്ളക്കടുവയാണ് ഇന്നലെ രാവിലെ ചത്തത്. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്ന് 2014 ലാണ് മലർ എന്ന പെണ് വെള്ളക്കടുവയേയും ശ്രാവണ്‍ എന്ന ആണ് വെള്ളക്കടുവയേയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
പ്രായാധിക്യം കാരണം അവശതയിൽ ആയതോടെ കഴിഞ്ഞ വർഷം മുതൽ മലറിനെ പ്രദർശനത്തിൽ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ നൽകുന്നതിനായി ഇവിടുത്തെ സ്ക്വീസ് കെയ്ജ് പുതുക്കി പണിയുകയും ചെയ്തിരുന്നു. ഇറച്ചി ചവച്ചരച്ച് കഴിക്കാൻ കഴിയാതായതോടെ മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയാണ് ഭക്ഷണമായി നൽകിയിരുന്നത്. പ്രായമായ മൃഗങ്ങൾക്ക് നൽകിവരുന്ന ജെറിയാട്രിക്ക് കെയർ ചികിത്സയും നല്കുന്നുണ്ടായിരുന്നു.
നില മോശമായതിനെ തുടർന്ന് ഇന്നലെ രാവിലെ ആറോടെയാണ് കടുവ ചത്തത്. തുടർന്ന് നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുകയും വൈകുന്നേരം നാലോടെ ദഹനം നടത്തുകയും ചെയ്തു. ഇനി ശ്രാവണ്‍ എന്ന വെള്ള കടുവയും മൂന്ന് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്.
വെള്ള കടുവകൾക്ക് സാധാരണ ബംഗാൾ കടുവകളെക്കാൾ ആയുസും ആരോഗ്യവും കുറവാണ്. ഇവയുടെ ശരാശരി ആയുസ് 12 വയസ് ആണെങ്കിലും മൃഗശാലകളിൽ 16 മുതൽ 18 വയസു വരെ വെള്ള കടുവകൾ ജീവിക്കാറുണ്ട്. മൃഗശാലകളിൽ മാത്രം പ്രജനനം നടത്തി എടുക്കുന്നതുകൊണ്ട് വലിയ തോതിലുള്ള ഇൻബ്രീഡിങ് കാരണം ഇവയുടെ കാഴ്ച, എല്ലുകളുടെ ഗുണ നിലവാരം, പ്രതിരോധ ശേഷി എന്നിവ പൊതുവെ ബംഗാൾ കടുവകളെക്കാൾ കുറവായിരിക്കും.
പ്രകടമാകാത്ത സ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന എസ്എൽസി45എ2 ജീനാണ് വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിനു കാരണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ. സി.ഹരീഷ്, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലർ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.
മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു. മൃഗശാല സൂപ്രണ്ട് രാജേഷ് വി. എസ്., ക്യൂറേറ്റർ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജിജോ, ലാബ് അസിസ്റ്റന്റ് രാജേഷ്, സൂപ്പർവൈസർമാരായ രാജേഷ്, വാസുദേവൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
District News
പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി ക്രിമിനല്‍ക്കേസ് പ്രതികള്‍ പിടിയിലായി. ഓംപ്രകാശ്, ഷാജഹാന്, എയര്‍പോര്‍ട്ട് ഡാനി, അനന്തു, ആദിത്യന്, ബിജുകുമാര്‍, പടക്കി സാബു, പ്രഫുല്രാജ്, വിഷ്ണു, രാജേഷ്, രാജേഷ്, സായ്കൃഷ്ണ, നികേഷ്ലാല്, ബിനോയി, ജിതിന്, ജിഷ്ണു, അഭിലാഷ്, സംഗീത്, ശംഭുദേവ് എന്നിവര്‍ ഉള്‍പ്പെടെ 82 പേരാണ് പിടിയിലായത്.
പിടിച്ചുപറി, കൊലപാതകം, മോഷണം, ഭവനഭേദനം, കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, മാനഭംഗക്കേസ്, പോക്സോ കേസ് തുടങ്ങിയ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇവര്‍. സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
വിഴിഞ്ഞം : കടൽവിഭവങ്ങൾ കഴിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ വിഴിഞ്ഞം മേഖലയിലെ ഭക്ഷണശാലകളിൽ പരിശോധനയ്ക്ക് തയ്യാറെടുത്ത് അധികൃതർ. ഡിഎംഒ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞം, മുക്കോല മേഖലയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥരും സംയുക്തമായി വ്യാപക പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംശയമുള്ള ഭക്ഷണപദാർത്ഥങ്ങളുടെ സാമ്പിൾ ശേഖരണം നടത്തുമെന്നും അധികൃതർ പറയുന്നു. എന്നാൽ മനുഷ്യന് ഹാനികരമായ വസ്തുക്കളുടെ പരിശോധന സംവിധാനങ്ങൾ അപര്യാപ്തമെന്നതും അധികൃതരെ കുഴക്കുന്നുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി ശേഖരിക്കുന്ന സാമ്പിളുകളുടെ ഫലം വൈകുന്നത് വലിയ തിരിച്ചടിക്ക് കാരണമാകുന്നതായും അധികൃതർ വിലയിരുത്തുന്നു.ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നാല് ജില്ലകളിൽ നിന്ന് അധികൃതർ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് മാത്രമാണ് ഒരു ലാബുള്ളത്. ഓരോ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ഒരു ഫുഡ് സേഫ്റ്റി ഓഫീസറുടെ കീഴിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ അധികാരപരിധിയിൽ നിന്ന് മാസം തോറും നിശ്ചിത കണക്കിൽ മീൻഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
ഇവയെല്ലാം എത്തിക്കുന്നത് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ലാബിലാണ്. കൂടുതൽ പരിശോധന ആവശ്യമുള്ളപ്പോൾ എറണാകുളത്തെ സിഫ്റ്റ് ലാബിനെ ആശ്രയിക്കണം. പതിനാല് ദിവസത്തിനുള്ളിൽ പരിശോധന ഫലം കിട്ടണമെന്നാണ് വ്യവസ്ഥയെങ്കിലും സാമ്പിളുകളുടെ അമിതമായ എണ്ണക്കൂടുതൽ കാരണം ഇതൊന്നുംനടക്കാറില്ല. കഴിഞ്ഞ ദിവസം ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേരുടെ ജീവൻ നഷ്ടമായപ്പോൾ ഫുഡ് സേഫ്റ്റി അധികൃതർ ശേഖരിച്ച സാമ്പിൾഫലവും മരണകാരണം വ്യക്തമാക്കുന്ന തരത്തിലുള്ളവയല്ല. കൊല്ലത്ത് നിന്നെത്തിയ സംഘം കഴിച്ച ഭക്ഷണാവശിഷ്ടം കണ്ടെത്താനായില്ല. പകരം കടയിൽ ഐസ് ബോക്സുകളിൽ സൂക്ഷിച്ചിരുന്ന കൊഞ്ച്, കണവ, ചിപ്പി എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്.
District News
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാൻ ഒടുവിൽ ജനപ്രതിനിധികൾ രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റ് അമല ഉൾപ്പടെയുള്ള ജനപ്രതിനിധികൾ വെള്ളയമ്പലത്തെ ജലഭവനിലെത്തി ഉന്നത അധികാരികളുമായി ചർച്ച നടത്തി. വെള്ളക്ഷാമം പരിഹരിക്കാൻ നടപടി എടുക്കാമെന്ന് ജലഭവൻ അധികൃതർ ഉറപ്പു നൽകി. പഞ്ചായത്ത് 2010-15 കാലഘട്ടങ്ങളിൽ കാപ്പിക്കാട്, പാറമുകൾ പ്രദേശങ്ങളിൽ 10 സെന്റ് സ്ഥലം വാട്ടർ ടാങ്ക് നിർമിക്കാൻ വാങ്ങിയിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലെ അണിയിലക്കടവിൽനിന്ന് ഇവിടുത്തെ ടാങ്കുകളിൽ വെള്ളമെത്തിച്ച് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പായില്ല. പിന്നീട് ജലജീവൻ മിഷനുമായി ബന്ധിപ്പിച്ച് 70.57 കോടി രൂപ ഉൾപ്പെടുത്തി കാപ്പിക്കാട് വാങ്ങി നൽകിയ വസ്തുവിൽ ടാങ്ക്നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ പാറമുകളിലെ ടാങ്ക് നിർമാണം കരാറുകാരൻ ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇതു സംബന്ധിച്ച് ദീപിക വാർത്ത നൽകിയിരുന്നു. പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ക്ഷാമം പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു പഞ്ചായത്ത് സമിതി പറഞ്ഞു.
District News
കാട്ടാക്കട: പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസായിരുന്ന കിള്ളിച്ചിറ നാശത്തിലേക്ക്. 50 സെന്റ് വരുന്ന ചിറ ലക്ഷങ്ങൾ മുടക്കി രണ്ടുവർഷം മുമ്പ് നവീകരിച്ചിരുന്നു. എന്നാൽ നിലവിൽ സംരക്ഷണമില്ലാത്തതിനാൽ മാലിന്യവും ചെളിയും പായലും നിറഞ്ഞു ശോച്യാവസ്ഥയിലായി. ചെറിയ തോടുകൾവഴി ചിറയിലേക്കു വലിയതോതിൽ മാലിന്യം എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
ശുചിമുറി മാലിന്യവും രാസലായിനികൾ ഉൾപ്പെടെയുള്ളവ കലർന്ന വെള്ളവും ചിറയിലേക്ക് ഒഴുകിയെത്തിയതോടെ കുളത്തിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ചത്തുപൊങ്ങി. ഇതോടെ കുളത്തിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായി. തുടർന്നു നാട്ടുകാർ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വേനലിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ആശ്രയമായിരുന്നു കിള്ളിച്ചിറ.
സ്വകാര്യഭൂമികൾവരെ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കാർ പഞ്ചായത്ത് വക കുളങ്ങളെ മറക്കുകയാണ്. ഇതിനാൽതന്നെ കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയാണുള്ളതെന്നും നാട്ടുകാർ ആരോപിക്കുന്നു.
District News
പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിലെ അഞ്ചാം പ്രതി പോലീസിനെ വെട്ടിച്ചു മുങ്ങി. കാസർഗോഡ് സ്വദേശി ബാബുവാണു പോലീസിന്റെ പിടിയിൽപ്പെടാതെ മുങ്ങിയത്. ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണമാലയും വളകളും കവര്‍ന്ന സംഘത്തിലെ പ്രതിയാണ് ബാബു. നാലംഗ സംഘം സംഭവദിവസം തന്നെ പിടിയിലായിരുന്നുവെങ്കിലും ബാബു മുങ്ങുകയായിരുന്നു.
പോലീസിനെ വെട്ടിച്ചു കടന്ന ഇയാൾ തമ്പാനൂരിലെ ഒരു ഹോട്ടൽമുറിയിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന ന്റെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് തമ്പാനൂരിലെ ഹോട്ടലിൽ എത്തുമ്പോഴേക്കും ഇയാൾ അവിടെനിന്ന് സ്ഥലം വിട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ഫോർട്ട് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ പിടിയിലായ കൂട്ടാളികളിൽ നിന്നുള്ള ലഭ്യമായ വിവരങ്ങൾ അനുസരിച്ചാണു പോലീസ് ബാബുവിനുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണം പുരോഗ മിക്കുകയാണ്.
District News
നെടുമങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ബന്ധുക്കൾ ഇന്നലെ രാവിലെയും പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം ഏറ്റു വാങ്ങണമെണെങ്കിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്താൽ മാത്രമേ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങൂവെന്ന തീരുമാനത്തിലായിരിന്നു കുടുംബം. ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കു പിന്തുണയുമായി ബിജെപിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിന്റെ ഓഫീസിൽ മുന്നിൽ പ്രതിഷേധ സമരം നടത്തി.
സ്ഥലം എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിലിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്കുള്ള പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി ക്ഷേമ സമിതിയും ആം ആദ്മി പാർട്ടിയും പ്രതിഷേധ സമരങ്ങൾ നടത്തി.
പ്രതിഷേധങ്ങൾക്കൊടുവിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത വന്നു. തുടർന്നു മാതാ പിതാക്കൾ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താൻ അനുവാദം നൽകി. നടപടികൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോർട്ടം നടക്കും.
ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു കുഞ്ഞു മരിച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം കണ്‍സൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അച്ചടക്ക നടപടിക്കും വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണു സംഘത്തിലുള്ളത്. അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഇവർക്കു നിർദേശം നൽകിയിരുന്നു.
അന്വേഷണത്തിനു നിർദേശം നൽകിയതിനൊപ്പം ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.
District News
തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുനിന്നു കടല്‍ മത്സ്യവിഭവങ്ങള്‍ കഴിച്ചു രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ ഇന്നലെ മൂന്നു പേര് കൂടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതോടെ ജില്ലയിലെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഇന്നലെ വീട്ടില്‍ നിന്നു പാകം ചെയ്ത മത്സ്യം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. നിലവില്‍ ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു ലഭിക്കുന്ന വിവരം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് ഇന്നലെ നഗരത്തില്‍ പരിശോധനകള്‍ നടത്തിയത്. നഗരത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റായ പാളയം, കോവളം എന്നിവിടങ്ങളില്‍നിന്നും ഇന്നലെ സാമ്പിളുകള്‍ ശേഖരിച്ചു. വിപണിയില്‍ എത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നും പഴകിയ മീനാണോ വില്‍ക്കുന്നതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.
ശേഖരിച്ച സാമ്പിളുകള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൻഖെ ഫലം വന്നതിനുശേഷം മാത്രമേ കൃത്യമായ കാരണങ്ങള്‍ വ്യക്തമാകൂ. അതേസമയം മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്തു കഴിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്കി.
District News
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കടൽ മത്സ്യം കഴിച്ചു രണ്ടുപേർ മരിച്ചതോടെ വിഴിഞ്ഞത്തെ ഹോട്ടലുകളിൽ പരിശോധനകർശനമാക്കി ആരോഗ്യ വകുപ്പ് അധികൃതർ. പതിനഞ്ചോളം സ്ഥാപനങ്ങൾക്ക് ഇന്നലെ നോട്ടീസ് നൽകി. ഇന്നും നാളെയുമായി കൂടുതൽ പരിശോധനകൾ ഉണ്ടാകും.
നിയമലംഘകർക്കെതിരേ നടപടിയെടുക്കാനുള്ള കർശന നിയമം കേരളത്തിൽ ഇല്ലാത്തതു മുതലെടുത്താണ് അനധികൃത സ്ഥാപനങ്ങൾ വളരുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഫാസ്റ്റ് ഫുഡ് കടയുടെ പ്രവർത്തനം തുടങ്ങിയിട്ട് നാലു വർഷത്തോളമായെങ്കിലും കടക്ക് ലൈസൻസ്ഇല്ലെന്നാണ് അറിയുന്നത്. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. സംഭവം വിവാദമായ ശേഷമാണ് തൊട്ടടുത്ത കടകളിലെ ജീവനക്കാർക്കു പോലും തിടുക്കത്തിൽ ഹെൽത്ത് കാർഡ് എടുത്തതെന്നും പറയപ്പെടുന്നു. ഇതുൾപ്പെടെ വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ലൈസൻസോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നതിന് ഉന്നതരാഷ്ട്രിയ ബന്ധങ്ങളും പ്രതിബന്ധമാകുന്നുണ്ട്. ഇതിനിടയിൽ വിഴിഞ്ഞം ശുദ്ധമായ മീനിന്റെ കലവറയെന്ന വിശ്വാസത്തിനും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. വിഴിഞ്ഞത്തു മീനില്ലാതെ വന്നതോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇതര സംസ്ഥാന ങ്ങളിൽനിന്നും മത്സ്യം വിളമ്പിയതാണു വിനയായതെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം കരുതുന്നു. ഇവയുടെ വരവ് തടയുന്നതിന് സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടവർ കാണിക്കുന്ന അലംഭാവം വൻ വിപത്തിലേക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
മൂന്നുമാസം മുൻപ് അതിർത്തി കടന്നെത്തിയ ഒരു കണ്ടെയ്നർ നിറയെ ചെമ്പല്ലിമീനിന്റെ മുള്ളും തലയും കഴിച്ച് ജില്ലയിലുടനീളം നൂറുകണക്കിന് ആളു കൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായെങ്കിലും അധികൃതർ അനങ്ങിയില്ല. സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയ അധികൃതർ ജനങ്ങൾക്ക് വേണ്ടബോധവത്കരണം നടത്തേണ്ടതിന് പകരം ലാബ് റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയാ ണുണ്ടായത്.
രണ്ടു പേരുടെ ജീവഹാനിക്ക് കാരണമായ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽനിന്നു കൊഞ്ചിന്റെയും കണവയുടെയും സാമ്പിളുകൾ മാത്രമാണ് അധികൃതർക്ക് ശേഖരിക്കാനായത്. കല്ലുമ്മക്കായ് പ്രാദേശികമായി ശേഖരിച്ചതാണെന്നും മീൻമുട്ട കൊച്ചിയിൽനിന്ന് എത്തിച്ചതാണെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചാലും ഫലം വരാൻ ഒരു മാസംവരെ കാത്തി രിക്കേണ്ടി വരുമെന്നാണറിവ്. അത്രയും സമയത്തിനുള്ളിൽ എല്ലാകോലാഹലങ്ങളും കെട്ടടങ്ങും. അതോടെ റിപ്പോർട്ടും വെളിച്ചം കാണാതെ പോകും. പൊടിപ്പും തൊങ്ങലുംവച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് വിഴിഞ്ഞത്തെ മീൻ കൊതിയൻമാരുടെ ഇഷ്ട കേന്ദ്രമാക്കിയത്.
കടലിൽനിന്നു പിടികൂടി മായം കലർത്താത്ത മീൻ കഴിക്കാമെന്ന വിശ്വാസത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിന് ആളുകളാണു ഇവിടെ വന്നു പോകുന്നത്. ആവശ്യക്കാരുടെ വരവ് വർധിച്ചതോടെ സീഫുഡ് കടകളുടെ എണ്ണവും കൂണുപോലെ വർധിച്ചു. ചെറുതും വലുതുമായി 150 ഓളം ഭക്ഷണശാലകൾ വിഴിഞ്ഞം മേഖലയിൽ മാത്രം പ്രവർത്തിക്കുന്നതായാണ് അധികൃതരുടെ കണക്ക് കൂട്ടൽ. മത്സരം വർധിച്ചതോടെ മാറ്റു സ്ഥലങ്ങളിൽ നിന്നുള്ള മീനുകളുടെ വരവും വർധിച്ചിട്ടുണ്ട്.
District News
നെടുമങ്ങാട്: 50 പവനും 50,000 രൂപയുമായി കുളപ്പട സുവർണ നഗർ സ്വദേശി കെ. മോഹനനെ (62) കാണാതായ സംഭവത്തിൽ കൈംബ്രാഞ്ച് കരകുളം പാലത്തിന് സമീപം അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ കിള്ളിയാറിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഇവിടെനിന്നും ഒരു സ്കൂട്ടർ കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന നടത്തിയത്. എന്നാൽ ഇൗ സ്കൂട്ടർ മോഹനന്റേതല്ലെന്നു കണ്ടെത്തുകയാ യിരുന്നു.
2020 മേയ് എട്ടിനാണ് പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത 50 പവനും അരലക്ഷം രൂപയുമായി സ്വകാര്യധനകാര്യ സ്ഥാപനത്തിലേക്കു പുറപ്പെട്ട മോഹനനെ കരകുളത്ത് വച്ചു കാണാതായത്.
കരകുളം പഞ്ചായത്ത് ഒാഫീസിനു സമീപത്തെ സിസിടിവിയിൽ ദൃശ്യം കണ്ടെത്തിയെങ്കിലും ഇതിനുശേഷം മോഹനൻ എവിടെ എന്നത് ഇന്നും അഞ്ജാതമാണ്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താവാനായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
District News
75 സെന്റ് സ്ഥലം അനുവദിച്ചു
നെടുമങ്ങാട്: പത്താംകല്ല് വിഐപിയിൽ കോടതി സമുച്ചയം യാഥാർഥ്യമാകുന്നു. സ്ഥലമെടുപ്പ് സംബന്ധിച്ചു നിലനിന്ന തടസങ്ങൾ നീങ്ങി.അഭിഭാഷക സമൂഹത്തിന്റെ നിരന്തര പ്രയത്നവും സർക്കാരിന്റെ അനുഭാവപൂർവമുള്ള നടപടികളുമാണ് പുതിയ കോർട്ട് കോംപ്ലക്സ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.
അസൗകര്യങ്ങൾക്കു നടുവിൽ തിങ്ങിഞെരുങ്ങിയും ചോർന്നൊലിക്കുന്ന വാടകമുറികളിലുമായി പ്രവർത്തിച്ചിരുന്ന ഒമ്പതു കോടതികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഒടുവിൽ ഫലമുണ്ടാകുന്നത്.
വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ 12 ഏക്കർ സ്ഥലത്തു നിന്നാണ് 75 സെന്റ് ഭൂമി കോടതി കെട്ടിടത്തിനായി വിട്ടുനൽകിയിരിക്കുന്നത്. നേരത്തെ ഒന്നര ഏക്കർ സ്ഥലം ടൂറിസം വകുപ്പിന്റെ മോർട്ടൽ ആരാമം തുടങ്ങാൻ കെടിഡിസിക്കും കൈമാറിയിരുന്നു. 13 വർഷം മുമ്പ് ഹൈക്കോടതി സീനിയർ ജഡ്ജ് ജസ്റ്റിസ് പയസ് കുര്യാക്കോസും ജില്ലാ ജഡ്ജി സുധീന്ദ്രകുമാറും സ്ഥലം സന്ദർശിച്ചു താലൂക്ക് തഹസിൽദാരുടെ സഹായത്തോടെ തയാറാക്കി സർക്കാരിനു നൽകിയ നിവേദനമാണ് ഇപ്പോൾ മന്ത്രി ജി.ആർ. അനിലിന്റെയും നെടുമങ്ങാട് ബാർ അസോസിയേഷൻ ഭാരവാഹികളുടെയും നിരന്തര പരിശ്രമത്തിലൂടെ ലക്ഷ്യം കണ്ടത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കച്ചേരി നടയിലെ പ്രധാന കെട്ടിടത്തിൽ കുടുംബകോടതി, സബ് കോടതി, രണ്ടു മജിസ്ട്രേറ്റ് കോടതികൾ, രണ്ടു മുൻസിഫ് കോടതികൾ എന്നിങ്ങനെ ആറു കോടതികളാണ് പ്രവർത്തിക്കുന്നത്. വനം കേസുകൾക്കായുള്ള ജില്ലാ മജിസ്ട്രേറ്റ് കോടതിയും പോക്സോ കോടതിയും എസ്സി-എസ്ടി കോടതിയും ടൗണിന്റെ വിവിധ ഭാഗങ്ങളിലായി വാടകമുറികളിൽ പ്രവർത്തിക്കുന്നുണ്ട്.
കാലപ്പഴക്കത്താൽ ചുമരുകളിൽ ഈർപ്പം പിടിച്ചു റിക്കാർഡുകളും രജിസ്റ്ററുകളും കേസ് ഫയലുകളും സൂക്ഷിക്കാൻ കഴിയുന്നില്ല. വിഐപി വക സ്ഥലത്തിനെതിരെ റോഡിനും കിള്ളിയാറിനുമിടയിൽ 48 മീറ്റർ വീതിയിൽ റവന്യു പുറമ്പോക്ക് കൈയേറ്റക്കാരുടെ പിടിയിലാണ്. ഇതു വീണ്ടെടുത്ത് ജുഡീഷൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സ് നിർമാണത്തിനു പ്രയോജനപ്പെടുത്തമെന്നും അഭിഭാഷകർ ആവശ്യമുന്നയിക്കുന്നുണ്ട്.
District News
വെള്ളറട: സ്കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കേറ്റു. പൂവത്തൂര്‍ എല്‍എംഎസ് എല്‍പി സ്കൂളിലെ ബസാണു മറിഞ്ഞത്. മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്കാണു ബസ് മറിഞ്ഞത്. ബസില്‍ കുടുങ്ങിയ കുട്ടികളെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
26 കുട്ടികളും ഡ്രൈവറും ആയയും ഉള്‍പ്പെടെ 28 പേരായിരുന്നു ബസിലുണ്ടായിരുന്നത്. നിലവിൽ 25 കുട്ടികൾ സുരക്ഷിതരാണ്. ഒരുകുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. സ്കൂളിനു സ്വന്തമായി ബസില്ല.
കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ വാഹനങ്ങള്‍ ഉപയോഗിച്ചുവരുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ഉള്‍പ്പെടെ പരിശോധിക്കണമെന്നു രക്ഷിതാകൾ ആവശ്യപ്പെട്ടു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ആശുപത്രിയില്‍ എത്തിയിരുന്നു. കൊല്ലയില്‍ പഞ്ചായത്തിലെ മോട്ടക്കാവ് വാര്‍ഡിലെ കനാലിനു സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടകാരണമെന്നു പ്രദേശ വാസികള്‍ പറഞ്ഞു.
District News
നെയ്യാറ്റിൻകര: പവിത്രാനന്ദപുരം നഗറില്‍ നെയ്യാറ്റിന്‍കര സ്മാര്‍ട്ട് കൃഷി ഭവന് മന്ദിരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നബാര്‍ഡ് ആർഐഡിഎഫ് ഫണ്ടിലെ 1.50 കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിര്‍മിക്കുന്നത്. ഓഫീസ്, സ്റ്റോര്‍ റൂം, ട്രെയിനിംഗ് ഹാള്‍, ഇക്കോ ഷോപ്പ് മുതലായവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. മുകളിലായി പോളി ഹൗസും ഒരുക്കും. ചുറ്റുമതിലും കിണറും വാഹന പാര്‍ക്കിംഗ് സൗകര്യവും കവാടവും അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയിലുണ്ട്. തൊഴുക്കലിനു സമീപം പവിത്രാനന്ദപുരം നഗറിലെ പ്രീ -മെട്രിക് ഹോസ്റ്റലിനോട് ചേര്‍ന്ന് നഗരസഭ അനുവദിച്ച 10 സെന്റ് വസ്തുവിലാണ് സ്മാര്‍ട്ട് കൃഷി ഭവന് കെട്ടിടം നിര്‍മിക്കുന്നത്. കെഎല്ഡിസിക്കാണ് നിര്‍മാണ ചുമതല. ഒക്ടോബറിലാണ് കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
നിലവില്‍ ഏറെ പരിതാപകരമായ അവസ്ഥയിലുള്ള കെട്ടിടത്തിലാണ് കൃഷി ഭവന്റെ പ്രവര്‍ത്തനം. നഗരസഭ കൃഷി ഭവന്റെ ശോച്യാവസ്ഥ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി ഭവന് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കര്‍ഷകരുടെയും ദീര്‍ഘനാളത്തെ ആവശ്യമായ സുരക്ഷിത കെട്ടിടം പുതിയ സാന്പത്തിക വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
District News
നെടുമങ്ങാട്: പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയെ യഥാസമയം ലേബർ റൂമിൽ പ്രവേശിപ്പിക്കാനോ, പ്രസവത്തിനു മുന്നോടിയായുള്ള പരിശോധന കൾ നൽകാനോ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദർ തയാറായില്ലെന്നാണ് പരാതി.
കുഞ്ഞു മരിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷമുണ്ടാ യി. പ്രതിഷേധം ഭയന്നു കാറിൽ സ്ഥലംവിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്നു റോഡിൽ തടഞ്ഞുവച്ചു പോലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും പോലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.
സ്ഥലത്തെത്തിയ ആർഡിഒയെയും പ്രവർത്തകർ തടയാൻ ശ്രമിച്ചു. ചികിത്സാപ്പിഴവാണു കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരേ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേയ്ക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞത് കൂടുതൽ സംഘർഷത്തിനു വഴിവച്ചു. സ്ഥലത്തെത്തിയ ആർഡി ഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ സംഘർഷത്തിനും ചർച്ചകൾക്കും ശേഷം മന്ത്രി ജി.ആർ. അനിൽ ആരോപണ വിധേയയായ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സസ്പെൻഷൻ ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ആർഡിഒ സമരക്കാരെ അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
ഉത്തരവിറങ്ങാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ച് രാത്രി വൈ കിയും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ് സമരക്കാർ. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
District News
പേരൂര്‍ക്കട: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ഇതരസംസ്ഥാനക്കാരനായ ഒരു സൈനികനാണ് മോഷണത്തിനു പിന്നിലെന്നു പോലീസ് കരുതുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി 20 പേരുടെയും പിന്നീട് 50 പേരുടെയും വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആനക്കൊമ്പുകളില്‍ പതിഞ്ഞിട്ടുള്ള വിരലടയാളം ഈ സൈനികന്റേതുമായി ഒത്തുചേര്‍ന്നതാണ് ഇത്തരമൊരു സംശയം ഉണ്ടാകാന്‍ കാരണം. വിശദമായ അന്വേഷണം പൂജപ്പുര പോലീസ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പാണ് അതീവ സുരക്ഷാമേഖലയായ പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് അധികൃതര്‍ പൂജപ്പുര പോലീസിനും ഡിജിപിക്കും പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
100 കിലോയോളം ഭാരമുള്ള ആനക്കൊമ്പുകള്‍ക്ക് രണ്ടുകോടിയോളം രൂപ വിലവരും. അകത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ആനക്കൊമ്പുകള്‍ പുറത്തേക്കു കടത്താന്‍ സാധിക്കില്ല. മദ്രാസ് റെജിമെന്റിനു കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച നടത്തിയ ഡിജെ പാര്ക്കിടെയാണ് ആനക്കൊമ്പുകള്‍ മോഷണം പോയതെന്നാണ് അനുമാനിക്കുന്നത്. സൈനികരില്‍ ചിലര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പോലീസ് സൂചിപ്പിക്കുന്നു. ആനക്കൊമ്പുകള്‍ ക്യാമ്പ് വിട്ടുപോയിട്ടില്ല എന്ന് അനുമാനിക്കുന്ന പോലീസ് ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും നടത്തിവരുന്നുണ്ട്.
1929-ല്‍ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിനു കൈമാറിയതാണ് ആനക്കൊമ്പുകള്‍. കഴിഞ്ഞ ബുധനാഴ്ച ക്ലബില്‍ നടന്ന വിരുന്നു സത്കാരത്തില്‍ നൂറിലേറെപ്പേരാണ് പങ്കെടുത്തത്. കഴിഞ്ഞദിവസം സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും പോലീസ് പരിശോധിച്ചിരുന്നു. അതിനുശേഷമാണ് ചോദ്യം ചെയ്യലും വിരലടയാള പരിശോധനയും ഉണ്ടായത്.
അതേസമയം സൈനികന്റെ വിരലടയാളം പതിഞ്ഞതുകൊണ്ട് അയാള്‍ മോഷ്ടാവാകണമെന്നില്ലെന്നും കൂടുതല്‍ പരിശോധന നടത്തുന്നതേയുള്ളൂവെന്നും പൂജപ്പുര പോലീസ് അറിയിച്ചു. മൊഴിയെടുപ്പ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നും സൈനികകേന്ദ്രവുമായി ബന്ധമുള്ള പുറത്തുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൂജപ്പുര എസ്ഐ അറിയിച്ചു.
District News
പേരൂര്‍ക്കട: ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കംമൂലം പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ര ണ്ടു ശസ്ത്രക്രിയകള്‍ മുടങ്ങി. അനസ്തേഷ്യാവിഭാഗം ഡോക്ടര്‍മാരും സര്‍ജറി വിഭാഗം ഡോക്ടറും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതിനു കാരണം. അനസ്തേഷ്യയിലെ ബിനില്‍, പ്രിയ എന്നീ ഡോക്ടര്‍മാരും സര്‍ജറിയിലെ ഗണേഷും തമ്മിലായിരുന്നു തര്‍ക്കം.
ഗ്രേഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു സര്‍ജറി വിഭാഗത്തിലേക്ക് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് പ്രശ്നത്തിനുകാരണമായത്. ഇക്കാരണത്താല്‍ സര്‍ജറി ഡോക്ടര്‍മാര്‍ക്കൊപ്പം സഹകരിക്കാന്ല് അനസ്തേഷ്യാവിഭാഗം തയാറായില്ല. ഇതുമൂലമാണ് ഇന്നലെ അടിയന്തരമായി നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
ഒരു രോഗിയെ ശസ്ത്രക്രിയയ്ക്കു തയാറാക്കി കഴുത്തില്‍ മാര്‍ക്ക് ചെയ്തശേഷമായിരുന്നു തര്‍ക്കം ഉടലെടുത്തത്. ചെറിയ തോതില്‍ തുടങ്ങിയ തര്‍ക്കം അനസ്തേഷ്യ വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിലെത്തുകയായിരുന്നു. ഇന്നലെ നടത്തേണ്ടിയിരുന്ന അഞ്ചു സര്‍ജറികളില്‍ രണ്ടു സര്‍ജറികള്‍ക്ക് അടിയന്തര പ്രാധാന്യമുണ്ടായിരുന്നിട്ടുകൂടി അതിനു മുടക്കമുണ്ടായത് ഗൗരവത്തോടെയാണ് കാണേണ്ടത്.
നിലവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി രണ്ടാഴ്ചയിലധികമായി കാത്തിരിക്കുന്നവരുമുണ്ട്. പ്രശ്നങ്ങള്‍ പരിഹിച്ചശേഷം അടിയന്തര ശസ്ത്രക്രിയകൾ ഇന്നു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുചികിത്സാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും നിരുത്തരവാദപരമായ സമീപനവും ആശുപത്രിയില്‍ വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണു സൂചന.
District News
തിരുവല്ലം: നഗരത്തിന്റെ വിവി ധഇടങ്ങളിൽ തീപിടിത്തം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ കോമ്പാണ്ടിനുള്ളിലെ ഏകദേശം 75 ഏക്കറോളം വരുന്ന അടിക്കാടിനും പുല്ലിനും റബര്‍ മരങ്ങള്‍ക്കും തീപിടിച്ചു. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉണങ്ങിയ പുല്ലിന് അജ്ഞാതര്‍ തീയിട്ടതാകാം ശക്തമായ തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്. സ്റ്റുഡിയോയിലെ സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരം, വിഴിഞ്ഞം, ചാക്ക നിലയങ്ങളില്‍നിന്നും സേനയെത്തി ഏകദേശം അഞ്ചുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിഴിഞ്ഞം നിലയത്തില്‍ നിന്നും മൂന്നും തിരുവനന്തപുരം നിലയത്തില്‍നിന്നും ഒന്നും ചാക്ക നിലയത്തില്‍ നിന്നും ഒന്നും യൂണിറ്റുള്‍പ്പെടെ അഞ്ചു യൂണിറ്റ് ക്രൂ പണിയെടുത്താണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പേരൂര്‍ക്കട: പേരൂർക്കട മേഖല യിൽ ചപ്പുചവറിന് തീയിട്ടത് തടിക്കടയിലേക്കു വ്യാപിച്ച് 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. വട്ടിയൂര്‍ക്കാവില്‍ നെട്ടയം മുക്കോലയ്ക്കു സമീപത്തെ വിജയന്റെ ഉടമസ്ഥതയിലുള്ള തടിക്കടയിലെ തടികളാണ് കത്തിനശിച്ചത്. ഇന്നലെ പകല്‍സമയത്താണ് സംഭവം. വിജയന്റെ സമീപവാസിയാണ് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. കാറ്റില്‍ തീ പടര്‍ന്നു തടിക്കടയിലേക്കു വ്യാപിക്കുകയായിരുന്നു.
കടയുടെ സമീപത്തുകിടന്ന തടികള്‍ കത്തുന്നതിനിടെ വിവരമറിഞ്ഞു തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ സുജിത്ത് എസ്. കുമാര്‍, സാബു, എസ്. അനില്‍കുമാര്‍, സേനാംഗം വി.എല്‍. പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി കടയ്ക്കുള്ളിലേക്കു തീ പടരുന്നത് ഒഴിവാക്കുകയായിരുന്നു.
കൊച്ചുള്ളൂരില്‍ ഒരേക്കര്‍ വരുന്ന സ്വകാര്യഭൂമിയിലും തീപിടിത്തമുണ്ടായി. ബാലസുബ്രഹ്മ ണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ പറമ്പിലായിരുന്നു തീപിടിച്ചത്. കൂടിക്കിടന്ന ചപ്പുചവറുകളില്‍ തുടങ്ങിയ തീ പ്രദേശ ത്തു വ്യാപിക്കുകയായിരുന്നു. സമീപത്ത് വീടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവിടേക്ക് തീ പടരാതെ സംരക്ഷിക്കാന്‍ ഫയര്‍ഫോഴ്സിനു കഴിഞ്ഞു. ചാക്കയില്‍നിന്നും തിരുവനന്തപുരത്തുനിന്നും ഓരോ യൂണിറ്റ് എത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
District News
പേരൂര്‍ക്കട: വയോധികയെ അടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ചാംപ്രതി കേരളംവിട്ടു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെട്ട ബാബുവിനെ കണ്ടെത്താനാണ് അന്വേഷണം നടന്നുവരുന്നത്. ഫെബ്രുവരി 10ന് ആസൂത്രണം നടത്തിയ സംഘം 13നാണ് കവര്‍ച്ച നടത്തിയത്.
ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണമാലയും ആറുവളകളും കവര്‍ന്ന സംഘത്തിലെ ശരത്ത്, റീന, ഷീബ, രാജന് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല.
Kerala
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനില്‍ ബലിദാനികളുടെയും ദൈവങ്ങളുടെയും നേതാക്കളുടെയും പേരില്‍ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തതു ചോദ്യംചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
20 കൗണ്‍സിലര്‍മാര്‍ക്ക് കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു . ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്.
പലരും ദൈവതുല്യരായി കാണുന്ന നേതാക്കളും മറ്റുമുണ്ടാകുമെന്നും എന്നാല്‍ അവരുടെ പേരിലുള്ള സത്യപ്രതിജ്ഞ ഉചിതമാണോയെന്നാണു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദപ്രകാരം ദൈവനാമത്തിലുളള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണു വേണ്ടത്. ഇതിനു വിരുദ്ധമായ സത്യപ്രതിജ്ഞ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കാണു ഹര്‍ജി നല്‍കിയത്.
District News
വിളപ്പിൽശാല: റോഡിന്റെ വഴിമുടക്കിയായി തൊണ്ടി മുതലുകൾ. ഇവ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. പേയാട് - വിളപ്പിൽശാല - വെള്ളനാട് റോഡിലാണ് തൊണ്ടിമുതലുകൾ വില്ലനായി മാറുന്നത്.
വിളപ്പിൽശാല സ്റ്റേഷനു സമീപത്തുള്ള റോഡിലാണ് പോലീസ് പിടിച്ചെടുത്ത ടിപ്പറുകളും ജെസിബികളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നുന്നത്. തിരക്കേറിയ റോഡിൽ ഈ പാർക്കിംഗ് വരുത്തുന്ന അപകടം ചില്ലറയല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ തൊണ്ടിവാഹനങ്ങളിലൊന്നിൽത്തട്ടി അപകടം സംഭവിച്ചിരുന്നു.
2019-ലാണു പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയത്. തുടക്കത്തിൽ സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് തൊണ്ടുവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വസ്തു ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെനിന്നു പിന്നീട് മാറ്റേണ്ടി വന്നു. ഇതോടെയാണ് റോഡുതന്നെ പോലീസ് പാർക്കിംഗ് കേന്ദ്രമാക്കിയത്. കേസുകൾ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്.
എന്നാൽ സ്റ്റേഷൻ പരിസരത്ത് ഇവ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പോലീസുകാരെ വലയ്ക്കുന്നത്. സമീപത്തെവിടെയെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാമെന്നു പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. ഇവിടെ അടുത്താണ് ഇഎംഎസ് അക്കാദമിയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഈ അക്കാദമിയിലെത്തിയതും ഇതുവഴിയാണ്.
അന്നു നാലുദിവസം ഈ തൊണ്ടി വാഹനങ്ങൾ റോഡിൽനിന്നും അപ്രത്യക്ഷമായിരുന്നുവെങ്കിലും സെൻട്രൽ കമ്മിറ്റി മീറ്റിംഗ് തീർന്നയുടൻ വീണ്ടും ഇവ മായ പോലെ പ്രത്യക്ഷമായി. ഇതു പരാതിയായി നാട്ടുകാർ ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. പരാതി പറഞ്ഞു മടുത്ത പ്രദേശവാസികൾ പ്രശ്നപരിഹാരത്തിനു മറ്റെന്തു മാർഗമാണുള്ളതെന്ന് ആലോചിക്കുകയാണ്.
District News
കാട്ടാക്കട: കാട്ടാക്കടയിൽ വാഹന ഗോഡൗണിൽ വൻ തീപിടിത്തം. വാഹനങ്ങൾ പൊളിക്കാനായി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കാട്ടാക്കട കിള്ളി തുരുമ്പാട് പ്രവർത്തിക്കുന്ന മായാബസാർ ഗോഡൗണിന്റെ ഒരു വശത്തുനിന്നു തീയും പുകയും ഉയർന്നതു സമീപവാസികൾ കണ്ടതാണ് രക്ഷയായത്. ഇന്നലെ വൈകുന്നേരം അഞ്ചേക്കാലോടെയാണ് സംഭവം.
കാട്ടാക്കടയിൽ നിന്നു മൂന്നും ചെങ്കൽചൂളയിൽനിന്നു ഒന്നുമടക്കം നാലൂയൂണിറ്റ് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് അഗ്നിരക്ഷാ വാഹനങ്ങളെത്താൻ നന്നേ പ്രയാസപ്പെട്ടു. മറ്റൊരു പുരയിടത്തിന്റെ വഴിയിലൂടെ എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
നിമിഷം നേരം കൊണ്ടാണ് ഇവിടെ കിടന്ന വാഹനങ്ങളിൽ തീ ആളി പടർന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. വാഹനങ്ങളുടെ സീറ്റുകളും സമീപത്തുണ്ടായിരുന്ന ടയർ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചിട്ടുണ്ട്.
ടയറും പ്ലാസ്റ്റിക്കും ഫൈബർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയും സ്ഥലത്ത് അടുക്കിക്കൂട്ടി വച്ചിട്ടുണ്ട്. സമീപത്ത് വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. എവിടേക്കു തീപടരാതിരുന്നത് വൻ ദുരന്തമൊഴിവാക്കി. യാതൊരുവിധ അഗ്നിരക്ഷാ മാർഗങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
District News
പൂവാർ: പൂവാറിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28നു പൂവാർ സ്വദേശിയും പ്രവാസിയുമായ ഷാജഹാൻ എന്നയാളുടെ വീട്ടിൽനിന്നും സ്വർണം കവർന്ന കേസിലെ മുഖ്യആസൂത്രകനും രണ്ടാം പ്രതിയുമായ പൂവാർ തെക്കേ തെരുവ് താഴത്തെ വീട്ടിൽ നൗഷാദ് ആണ് അറസ്റ്റിലായത്.
ഷാജഹാന്റെ ഭാര്യയുടെ 37 പവൻ സ്വർണ ഉരുപ്പടി ഉൾപ്പെടെ 36,65, 000 രൂപയുടെ മുതലുകളാണ് നൗഷാദ് കവർന്നത്. പൂവാർ എസ്എച്ച്ഒ രതീഷ്, എസ്ഐ ജോസ്, സിപിഒമാരായ അജിത്ത്, ആന്റണി, ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിരവധി മോഷണക്കേസിലെ പ്രതിയായ നൗഷാദാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും കവർച്ച ചെയ്ത മുതലുമായി നൗഷാദും ഒന്നാം പ്രതിയും തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നെന്നും ഒന്നാം പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുക്കയാണെന്നും എസ്എച്ച്ഒ രതീഷ് അറിയിച്ചു.
District News
പേരൂര്‍ക്കട: ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പോലീസ്. ചന്ദ്രയുടെ ഫ്ളാറ്റിനു താഴത്തെ നിലയില്‍ താമസിക്കുന്ന റീന, ഇവരുടെ സുഹൃത്ത് ഷീബ, ഷീബയുടെ സുഹൃത്ത് ശരത്ത്, ശരത്തിന്റെ ജയില്കൂട്ടാളി രാജന് എന്നിവരാണ് പിടിയിലായത്. കൊലപാതകം ഉള്‍പ്പെടെ മൂന്നു കേസുകളിലെ പ്രതിയാണ് ഷീബയെന്നു പോലീസ് പറഞ്ഞു.
ശരത്ത്, രാജന് എന്നിവര്‍ക്കെതിരേ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളതുകൊണ്ടാണു കൃത്യം ആസൂത്രണം ചെയ്യുന്നതില്‍ സംഘം വിജയിച്ചത്. കേസില്‍ വഴിത്തിരിവായത് കവര്‍ച്ചയ് ക്കുശേഷം പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളായിരുന്നു.
ചന്ദ്രയെ മർദിച്ചവശയാക്കിയശേഷം മാലയും വളകളും ഒരു കവറിലാക്കിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. സ്ത്രീകളിലൊരാളാണ് കവര്‍ സൂക്ഷിച്ചിരുന്നത്. രാജനും ബാബുവുമാണ് ഏറ്റവും പിറകില്‍ സഞ്ചരിക്കുന്നതായി കണ്ടത്. ശരത്ത് ഒരു ഓട്ടോറിക്ഷയ്ക്കു കൈകാണിക്കുന്നതും ഓട്ടോ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തിരക്കേറിയ റോഡിലൂടെ വളരെ വേഗത്തില്‍ പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. റീന ആദ്യം മുതല്‍ അവസാനംവരെ താന്‍ നിരപരാധിയെന്ന നിലയിലാണ് അഭിനയിച്ചത്. പ്രതികള്‍ രക്ഷപ്പെടുന്ന വേളയില്‍ റീന ഫ്ളാറ്റില്‍തന്നെ ഉണ്ടായിരുന്നു. തന്നെ പോലീസ് സംശയിക്കാതിരിക്കുന്നതിനുള്ള എല്ലാ അടവും ഇവര്‍ പ്രയോഗിച്ചു. പോലീസ് സംഘം ഫ്ളാറ്റില്‍ അന്വേഷണത്തിനെത്തുമ്പോള്‍ ചന്ദ്രയുടെ സഹായിയായിട്ട് എത്തിയതും റീനയായിരുന്നു. എന്നാല്‍ സ്വബോധം വീണ്ടെടുത്തപ്പോള്‍ ചന്ദ്ര തന്നെയാണ്, തന്നെ അടിച്ചുവീഴ്ത്താന്‍ മുന്നില്‍ നിന്നത് റീനയാണെന്നു പറഞ്ഞത്.
ക്രൂരമായി തന്നെ മര്‍ദിച്ചുവെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമായിരുന്നു സംഘത്തിന്റെ ശ്രദ്ധയെന്നും ചന്ദ്ര പറഞ്ഞു. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനാണ് ക്രിമിനല്‍ സംഘം മോഷണം ആസൂത്രണം ചെയ്തത്. തമിഴ്നാട്ടിലെ കുഴിത്തുറയില്വച്ചാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. മോഷണമുതലിന്റെ പകുതിഭാഗം പങ്കിട്ടെടുക്കുകയും പകുതിഭാഗം നഗരത്തിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയംവച്ചു പണം നേടുകയും ചെയ്തിരുന്നു കവർച്ചാസം ഘം. ഈ പണം പോലീസ് കണ്ടെത്തുകയുണ്ടായി.
ശരത്തിന്റെ ജയില്‍കൂട്ടാളിയായ ബാബുവാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണെന്നും തമിഴ്നാട്ടിലേക്കു കടന്നാതായാണ് സൂചനയെന്നും ഫോര്‍ട്ട് സി.ഐ. അറിയിച്ചു.
District News
തിരുവനന്തപുരം: വിശുദ്ധ അന്തോനീസിന്റെ പേരിലുള്ള തെക്കേ ഇന്ത്യയിലെ ആദ്യത്തെ തീര്‍ഥാടന കേന്ദ്രമായ വേളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിപ്പിച്ച് ഇടവകചുറ്റി തിരുസ്വരൂപ പ്രദക്ഷിണം നടത്തി. നേരത്തെ ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്കുശേഷം തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യകാര്‍മികത്വത്തിൽ നടന്ന സന്ധ്യാവന്ദന പ്രാര്‍ഥനയില്‍ തിരുവനന്തപുരം അതിരൂപത ചാന്‍സിലര്‍ ഫാ. ജി. ജോസ് വചനപ്രഘോഷണം നടത്തി.
തുടര്‍ന്ന് ചെണ്ട, ബാന്‍ഡ് മേളം എന്നിവയുടെ അകമ്പടിയോടെ ആയിരക്കണക്കിനു വിശ്വാസികൾ അണിചേർന്ന തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ചു. അള്‍ത്താര പാലകര്‍, കൊന്പ്രീയ സഭാംഗങ്ങള്‍, പ്രത്യേകം ഒരുക്കപ്പെട്ട കുട്ടികള്‍, വിവിധ ഭക്തസംഘടനകള്‍, പ്രത്യേകം തയാറാക്കി അലങ്കരിച്ച വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം, മറ്റു വിശുദ്ധന്മാരുടെ പ്ലോട്ടുകള്‍ തുടങ്ങിയവ തിരുസ്വരൂപ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി.
റോഡിന്റെ ഇരുവശങ്ങളിലും തിരുസ്വരൂപ ദര്‍ശനത്തിനായി തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ മധ്യേഏകദേശം രണ്ടുമണിക്കൂറോളം സഞ്ചരിച്ച്, ഇടവക ചുറ്റിയുള്ള തിരുസ്വരൂപ പ്രദര്‍ശനം തിരികെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്, സഹവികാരി ഫാ. ടിനു ആല്ബിന്, ഇടവക സെക്രട്ടറി ആന്സലോണ് ഡോറസ്, ഇടവക കോ-ഓർഡിനേറ്റര്‍ ജോയി മാര്‍ഷന്‍, ട്രഷറര്‍ ലൂക്കോസ് ലാസര്‍, വൈസ് പ്രസിഡന്റ് ശശി ഐസക്, ഇടവക കമ്മിറ്റി അംഗങ്ങളായ ബാബു ലോപ്പസ്, ജോയി ജേക്കബ്, സുരിജി ബെഞ്ചമിന്‍, കെജിറ്റന് സേവ്യര്‍, സൂസി ജെറാള്‍ഡ്, ജൂഡിറ്റ് സന്തോഷ്, തോബിയാസ് റോക്കി, ജെസ്ലറ്റ് ജോണ്സണ്, ഡെല്ഫിന് ന്യൂട്ടന്, രാജന് ജോസഫ്, രജനി അനില്‍, ഷീജ പത്രോസ്, റോക്കി രാജു, സ്വപ്ന എഡ്വേര്‍ഡ്, മാഗ്ളിന് അലോഷ്യസ്, ജോണ്‍ സുരേഷ്, മറിയം സജന് എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു തിരുനാള്‍ ആഘോഷങ്ങളുടെ സമാപ്തികുറിച്ച് നടത്തുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹ ബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ റവ. ഡോ. ആർ. ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വ വഹിക്കും. കൃതജ്ഞത ദിനമായ നാളെ വൈകുന്നേരം സമൂഹബലിക്കുശേഷം കൊടിയിറക്കുകർമത്തോടെ തിരുനാൾ സമാപിക്കും.
District News
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽവച്ച് പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ് പ്രകാശ്, സുർജിത് എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.
പോലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ് വിനയ് പ്രകാശ്. അറസ്റ്റിലായവർക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പോലീസുകാരനായ മിഥുൻ റോയിക്കെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് എസിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസുകാരനെതിരേ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിച്ചേക്കുമെന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് ചാക്കയിലെ മാളിൽ കൂട്ടുകാരനൊപ്പം ഷോപ്പിംഗിനെത്തിയ മിഥുനെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി മർദിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരദിനത്തിൽ ശംഖുമുഖം ബീച്ചിൽ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മർദനത്തിനു പിന്നിലെന്നാണു മിഥുൻ പരാതിയിൽ പറയുന്നത്.
District News
പേരൂര്‍ക്കട: വിമുക്തഭടനായ കൃഷ്ണേട്ടന് കൃഷിയിലും പട്ടാളച്ചിട്ട തുടര്‍ന്നപ്പോള്‍ കാവല്ലൂര്‍ ഏലായില്‍ പൊന്നുവിളയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ വസന്തവിലാസത്തില്‍ കൃഷ്ണന്‍കുട്ടി (65) ക്ക് ജീവശ്വാസമാണ് കൃഷി. 1998-ലാണു പട്ടാളത്തില്‍ സിഗ്നല്വിഭാഗത്തില്നിന്ന് കൃഷ്ണന്‍കുട്ടി വിരമിച്ചത്. വിശ്രമജീവിതം മണ്ണിനോടിണങ്ങി കൃഷി ചെയ്താകണമെന്ന് തീരുമാനിക്കുകയായിരുന്നു കൃഷ്ണൻകുട്ടി. കാവല്ലൂര്‍ ഏലായില്‍ പാട്ടത്തിനെടുത്ത 50 സെന്റില്‍ വാഴ, മരച്ചീനി, ചീര എന്നിവ നട്ടു നനച്ചു. വിളവെടുക്കുന്ന ഇനം സ്വന്തം ആവശ്യത്തിന് എടുത്തശേഷം മിച്ചമുള്ളതു സമീപവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നു.
കൂടുതല്‍ വിളവുണ്ടെങ്കില്‍ വട്ടിയൂര്‍ക്കാവ് ചന്തയിലെത്തിച്ചു വില്‍ക്കും. കൃഷിയില്‍ കൃഷണേട്ടന്‍ സഹായികളാരുമില്ല. നെടുമങ്ങാട്, കിള്ളി എന്നിവിടങ്ങളില്‍നിന്നു നടീലിനു വാഴക്കന്നുകള്‍ വാങ്ങും. മരച്ചീനിയും ചീരയും പ്രത്യേകിച്ചു പുറത്തുനിന്നു വാങ്ങാറില്ല. കൃഷിക്കു വളമിടീലും നനയും പരിപാലനവുമെല്ലാം ഒറ്റയ്ക്കുതന്നെ.
വട്ടിയൂര്‍ക്കാവില്‍ തന്നെപ്പോലെ കൃഷിയില്‍ ജീവിതം സമര്‍പ്പിച്ച വിമുക്തഭടന്മാര് വേറെയില്ലെന്നാണു കൃഷ്ണന്‍കുട്ടിയുടെ വിശ്വാസം. ആരോഗ്യം അനുവദിക്കുന്നതുവരെ കൃഷിപ്പണിയുമായി മുന്നോട്ടുപോകാനാണ് ഈ വിമുക്തഭടന്റെ തീരുമാനം. വീട്ടുകാരുടെ ഉറച്ച പിന്തുണ ഈ വയോധികനു കരുത്തേകുന്നു. ഗീതാകൃഷ്ണനാണു ഭാര്യ. മക്കള്‍: രേവതി കൃഷ്ണന്, ആരതി കൃഷ്ണന്.
District News
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാസേനയ്ക്ക് ശക്തിപകരാന്‍ മൂന്ന് ആധുനിക പാന്തര്‍ സിഎഫ്ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ എത്തി.
റോസന്‍ബോവര്‍ നിര്‍മിതമായ ആധുനിക പാന്തര്‍ സിഎഫ്ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ ലഭ്യമായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിംഗ് (എആര്‍എഫ്എഫ്) വിഭാഗം കൂടുതല്‍ കരുത്തുറ്റതായി.
700 എച്ച്പി എന്ജിന് കരുത്തേകുന്ന ഓരോ വാഹനത്തിനും 30 സെക്കന്‍ഡിനുള്ളില്‍ മണിയ്ക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ വേഗം സാധ്യമാകും. ഓരോ ടെന്‍ഡറിലും 12500 ലിറ്റര്‍ വെള്ളം, 1500 ലിറ്റര്‍ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡര്‍ എന്നിവ സംഭരിക്കാന്‍ സാധിക്കും. ഇതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനക്ഷമത ശക്തമാക്കാന്‍ കഴിയുമെന്നുളള കാര്യത്തില്‍ സംശയമില്ല.
എഎഎച്ച്എല്‍ സിഇഒ (എയ്റോ) അംബര്‍ ദുബെ, തിരുവനന്തപുരം വിമാനത്താവളം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ ഫയര്‍ ഡെന്റുകളുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.
District News
തിരുവനന്തപുരം: സംസ്ഥാന യൂത്ത് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കാസർഗോഡിനു കിരീടം. ആലപ്പുഴയെ എതിരില്ലാത്ത ഒരുഗോളിനു പരാജയപ്പെടുത്തിയാണ് കാസർഗോഡ് കിരീടത്തിൽ മുത്തമിട്ടത്.
കാസർഗോഡിനായി മുഹമ്മദ് നിഹാദ് അലിയാണ് വിജയഗോൾ നേടിയത്. ലൂസേഴ്സ് ഫൈനലിൽ കോട്ടയത്തെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മലപ്പുറം പരാജയപ്പെടുത്തി . വിജയികൾക്ക് മന്ത്രി വി. ശിവൻകുട്ടി ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.
ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.രാജീവ്, സെക്രട്ടറി കെ.എം. റഫീക്ക്, കേരള ഗ്രാമീണ്‍ ബാങ്ക് റീജണൽ മാനേജർ സുബ്രഹ്മണ്യം പോറ്റി, തിരുവനന്തപുരം കൊന്പൻസ് മാനേജിംഗ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ,
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ആർ.ബി.ഐ ജനറൽ മാനേജറുമായ മുഹമ്മദ് സാജിദ്, ഗോകുൽ ജി പ്രഭു, മുൻ സന്തോഷ് ട്രോഫി താരങ്ങ ളായ രവീന്ദ്രൻ നായർ, വി.പി. ഷാജി, മുൻ ഫുട്ബോൾ താരം കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ സമ്മാനദാനച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
District News
പേരൂര്‍ക്കട: ജഗതി പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഒറ്റശേഖരമംഗലം കുറ്റിയാണിക്കാട് രുഗ്മിണി നിവാസില്‍ രാധാകൃഷ്ണന് നായരുടെ ഉടമസ്ഥതയിലുള്ള മാരുതി സെന്‍ കാറിനാണ് തീ പിടിച്ചത്.
ഇന്നലെ രാവിലെ പത്തിനാണ് സംഭവം. രാധാകൃഷ്ണനും ഭാര്യയും പാറശാലയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു. ജഗതിയിലൂടെ സഞ്ചരിക്കുമ്പോള്‍ ബോണറ്റിന്റെ ഭാഗത്തുനിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. അല്‍പ്പസമയത്തിനകം കാറിന്റെ ബോണറ്റിലും അവിടെനിന്ന് ക്യാബിനിലേക്കും തീ പടരുകയായിരുന്നു. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് അനുമാനം.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍മാരായ രൂപേഷ്, അനീഷ്കുമാര്‍, സേനാംഗങ്ങളായ എം. ഷാഫി, അരുണ്‍, അനീഷ്, അഖില്‍, ബാബു, സുധിന്‍, ബിന്‍സി, രശ്മി എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. അഗ്നിബാധയെത്തുടര്‍ന്ന് പൂര്‍ണമായും കത്തിനശിച്ച കാര്‍ പിന്നീട് സംഭവസ്ഥലത്തുനിന്ന് നീക്കി.
District News
പേരൂര്‍ക്കട: മോഷ്ടിച്ച സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി പണം തട്ടിയ സുഹൃത്തുക്കളെ മണ്ണന്തല പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് കല്ലട തറയിന്മുക്ക് മനോജ് ഭവനില്‍ ഹരികൃഷ്ണന് (28), പത്തനംതിട്ട വടശേരിക്കര മണിയാര്‍ ചെമ്പരത്തിമൂട്ടില്‍ വീട്ടില്‍ സന്ദീപ് (29) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 2ന് വൈകുന്നേരം 5.30നാണ് കുടപ്പനക്കുന്ന് സ്വദേശി സന്തോഷിന്റെ (53) സ്മാര്‍ട്ട് ഫോണ്‍ നാലാഞ്ചിറ കുരിശടി ജംഗ്ഷനില്‍ വച്ച് പ്രതികള്‍ മോഷ്ടിച്ചത്. ഈ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഗൂഗിള്‍പേ ആപ്പുവഴി സന്തോഷിന്റെ സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 31, 762 രൂപയാണ് രണ്ടംഗസംഘം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
ഇരുവരും വര്‍ഷങ്ങളായി മെഡിക്കല്‍കോളജ് ഭാഗത്താണ് താമസിച്ചുവരുന്നത്. കവര്‍ച്ച നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇരുവരും നാലാഞ്ചിറയിലെത്തിയതെന്നു പോലീസ് പറഞ്ഞു. ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് പരിസരത്തുനിന്നും സന്ദീപിനെ പത്തനംതിട്ട വടശേരിക്കരയിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
സ്വന്തം അക്കൗണ്ടിലേക്കു തന്നെയാണോ പ്രതികള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നും അതിനായി അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മണ്ണന്തല സിഐ അറിയിച്ചു.
പ്രതികള്‍ മോഷ്ടിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. സിഐ കെ. കണ്ണന്, എസ്ഐമാരായ ആര്.എസ് വിപിന്‍, മുഹമ്മദ് യാസിന്, എസ്സിപിഒമാരായ എ.എസ് അനൂപ്, ഷജീര്‍, വി.എസ് അഭിലാഷ്, സിപിഒമാരായ എച്ച്. മുജീബ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
District News
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടര്ചമഞ്ഞെത്തിയ 17കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം പെരുന്ന സ്വദേശിനിയും പേരൂര്‍ക്കടയില്‍ താമസിച്ചുവരുന്നയാളുമായ 17കാരിയാണ് പിടിയിലായത്. മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലാണ് ഡോക്ടര്‍വേഷം ധരിച്ച് 17കാരി എത്തിയത്.
സ്റ്റെതസ്കോപ്പ് ധരിച്ച് സുരക്ഷാ ജീവനക്കാര്‍ക്കു സമീപമെത്തിയപ്പോള്‍ അവര്‍ ഇവരെ ചോദ്യം ചെയ്തു. ഇവർ ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതിരുന്നതാണ് സംശയത്തിന് ഇടനല്‍കിയത്. ആള്‍മാറാട്ടം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍കോളജ് പോലീസിന് കൈമാറുകയായിരുന്നു. സീനിയര്‍ ന്യൂറോളജി സര്‍ജനാണ് താനെന്ന് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
വിവരമറിഞ്ഞ് മെഡിക്കല്‍കോളജ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തുന്നതിനു മുമ്പ് കാന്റീനിലും ആശുപത്രി ഇടനാഴിയിലും ഇവർ കറങ്ങിനടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുകയും ചെയ്തു. കാന്റീനില്‍ കണ്ട വേഷമായിരുന്നില്ല ഇവർക്കെന്നും പിന്നീട് വേഷംമാറിയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തിയതെന്നും പോലീസ് അറിയിച്ചു.
ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വനിതാജീവനക്കാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ചെറുപ്പംമുതല്‍ തനിക്ക് ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇവർ പോലീസിനോടു പറഞ്ഞു. ഇവരുടെ രക്ഷിതാക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നു പോലീസ് അറിയിച്ചു.
District News
നെയ്യാറ്റിന്‍കര : ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണുമൊക്കെ പ്രചാരത്തിലുണ്ടെങ്കിലും നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി വി.ജെ എബിക്ക് റേഡിയോകളോട് വല്ലാത്തൊരു ഹൃദയാഭിമുഖ്യമുണ്ട്.
വാല്‍വ് ചൂടായി വന്നതിനു ശേഷം പാട്ടു കേള്‍ക്കുന്ന റേഡിയോകള്‍ മുതല്‍ ടേപ്പ് റിക്കോര്‍ഡറുകള്‍ വരെ എബിയുടെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ചെറുതും വലുതുമായ നൂറോളം റേഡിയോകള്‍ മുറിയിലെ ഷെല്‍ഫില്‍ അടുക്കിവച്ചിട്ടുണ്ട്. പലതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ് ശ്രദ്ധേയം.
പഴയ പ്രമുഖ കന്പനികളുടെ റേഡിയോകള്‍ക്ക് പുറമേ ആദ്യം വാങ്ങിയ ട്രാന്‍സിസ്റ്റര്‍, ക്രിസ്റ്റല്‍ റേഡിയോ, സ്പീഡോ മീറ്റര്‍ ഘടിപ്പിച്ച ജനറല്‍ ഇലക്ടിക്കല്‍ കന്പനിയുടെ റേഡിയോ എന്നിങ്ങനെ പുതുതലമുറയ്ക്ക് തികച്ചും അപരിചിതമായ ഒട്ടേറെ കൗതുക വിശേഷങ്ങള്‍ എബി പങ്കുവയ്ക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാട്ടുപെട്ടികള്‍ മുതിര്‍ന്ന തലമുറയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത സമ്മാനിക്കുന്ന അനുഭവം.
റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമായ കാലമുണ്ടായിരുന്നുവെന്നതിന്റെ അടയാളം എബിയുടെ ശേഖരത്തിലെ മറ്റൊരു ഏട്. ഇന്നലെ ലോക റേഡിയോ ദിനം കടന്നുപോയി. റേഡിയോ ദിനത്തില്‍ മാത്രമല്ല, തിരക്കേറിയ ദിവസങ്ങളിലായാലും വീട്ടിലെ പാട്ടുപെട്ടികളുമായി അല്‍പ്പ നേരം ചെലവഴിക്കാന്‍ എബി സമയം കണ്ടെത്താറുണ്ട്.
District News
കാട്ടാക്കട : കുരുതംകോട് സ്വകാര്യ കോഴിഫാമിനുസമീപം വിവിധയിടങ്ങളിലായി കുഴിച്ചുമൂടിയ കോഴികളെ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം അനുസരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.ജെ.സുനിത പറഞ്ഞു.
കുരുതംകോട് സ്വകാര്യ കോഴിഫാമിൽ ചത്ത കോഴികളെ നെയ്യാറിന്റെ സമീപത്തെ പുരയിടത്തിലെ വിവിധയിടങ്ങളിലായി കുഴിച്ചുമൂടിയിരുന്നു. പ്രദേശത്താകെ ഈച്ചശല്യവും ദുർഗന്ധവും വർധിച്ചതോടെ നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തധികൃതരും പോലീസും എത്തി പരിശോധന നടത്തിയിരുന്നു.
തുടർന്ന് കോഴിഫാം താത്കാലികമായി പൂട്ടാൻ നോട്ടീസ് നൽകി. ചത്ത കോഴികളെ ശരിയായ രീതിയിൽ സംസ്കരിക്കാത്തതിനാലാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോഴികളെ പുറത്തെടുത്ത് വീണ്ടും ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
പോലീസ് നടത്തിയ പരിശോധനയിൽ ഫാമിൽ അടുത്തദിവസങ്ങളിൽ അയ്യായിരത്തിലേറെ ത്തിലേറെ കോഴികൾ ചത്തതായി കണ്ടെത്തി.
District News
നേമം : വെള്ളായണി ദേവിക്ഷേത്രത്തില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് തങ്കതിരുമുടിയില് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ക്ക് നേമത്ത് ഭക്തിനിര്‍ഭര വരവേൽപ്പ്.
ഇന്നലെ വൈകുന്നേരം നേമത്ത് നിന്നും ഘോഷയാത്രയായി തിരുവാഭാരണങ്ങളടങ്ങിയ പേടകം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി. പാറശാല ദേവസ്വം സ്ട്രോംഗ് റൂമില്‍ നിന്നും കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. മുത്തുകുടകള്‍, താലപ്പൊലി, പഞ്ചവാദ്യം , ചെണ്ടമേളം, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍, വിളക്കുകെട്ട്, കുതിര പോലീസ് എന്നിവയുടെ അകമ്പടിയോടുകൂടിയാണ് നേമത്തു നിന്നും വെള്ളായണി ക്ഷേത്രത്തിലേയ്ക്ക് തിരുവാഭരണ ഘോഷയാത്ര എത്തിയത്.
ക്ഷേത്ര മൂത്തവാത്തി ശിവകുമാറിന്റെയും ഇളയ വാത്തി ശ്രീരാഗിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തിരുവാഭരണ ഘോഷയാത്ര ദര്‍ശിക്കാന്‍ നിരവധി ഭക്തങ്ങളാണ് തടിച്ചു കൂടിയത്. നാളെ രാവിലെ തങ്കതിരുമുടി പുറത്തെഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും.
District News
മലയിൻകീഴ്: മലയിൻകീഴ്-കാട്ടാക്കട റോഡിൽ കനറാ ബാങ്കിന് സമീപത്തെ ജ്വല്ലറിക്ക് മുന്നിൽ കുടിവെള്ള പൈപ്പ് പൊട്ടി പ്രദേശത്താകെ വെള്ളക്കെട്ട്. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ട പൈപ്പാണ് പൊട്ടിയത്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയായിട്ടില്ല.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ മൂന്നിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.റോഡിൽ വാട്ടർ അഥോറിറ്റി പൈപ്പ് കുഴിച്ചിട്ട ഭാഗത്ത് മെറ്റൽ ഇടുന്നതിനായി വീണ്ടും കുഴിച്ചതാണ് പലയിടത്തും പൈപ്പ് പൊട്ടാൻ കാരണം.വാട്ടർ അഥോറിറ്റി അധികൃതരെത്തി ഈ ഭാഗത്തെ ചോർച്ച മാറ്റിയെങ്കിലും അടുത്ത രണ്ട് ദിവസങ്ങളിൽ വീണ്ടും പൈപ്പ് പൊട്ടിയിരുന്നു.പൈപ്പ് സ്ഥാപിച്ചതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ കാരണം. പൈപ്പ് സ്ഥാപിക്കുമ്പോഴും പൈപ്പ് കണക്ട് ചെയ്യുമ്പോഴും വാട്ടർ അഥോറിറ്റി എൻജിനിയർ ഉണ്ടാകണമെന്നാണ്.
അണപ്പാട്-ചീനിവിള റോഡിലെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഒരുവർഷത്തിലേറെ നീണ്ടിട്ടും പൂർത്തിയായിട്ടില്ല.ഈ റോഡിലുടെ കാൽനടപോലും സാദ്ധ്യമാകാത്തവിധം പൊടിപടലവും പൈപ്പ് പൊട്ടലും പതിവാണ്. റോഡിന്റെ ഒരുവശത്തുള്ള കുഴിയെടുപ്പിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്. പൈപ്പുകൾ പൊട്ടിയത് വാട്ടർ അഥോറിറ്റിയെ അറിയിച്ചാലും ദിവസങ്ങൾ കഴിഞ്ഞിട്ടാകും കരാറുകാരെത്തി പൈപ്പ് ചോർച്ച അടയ്ക്കുന്നത്.
മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിലും താലൂക്ക് ആശുപത്രിക്ക് സമീപം ആളിയോട്ടുകോണം ചർച്ചിന് മുന്നിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി മാസങ്ങൾ കഴിഞ്ഞിട്ടാണ് ചോർച്ച മാറ്റിയത്. മലയിൻകീഴ്-പാപ്പനംകോട് റോഡിലും പൈപ്പ് പൊട്ടി മാസങ്ങളോളം കുടിവെള്ളം പാഴായിരുന്നു.
District News
പേരൂര്‍ക്കട: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയതായി പരാതി. ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയായ ഓഫീസേഴ്സ് ക്ലബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായതായി സൈനിക കേന്ദ്രത്തിലെ ചാർജ് ഓഫീസർ പൂജപ്പുര പോലീസിൽ പരാതി നൽകിയത്
1929ല്‍ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ചരിത്രപ്രാധാന്യമുള്ള ആനക്കൊമ്പുകളാണ് ഇവ. രണ്ടുകോടി രൂപ മൂല്യമുള്ളതാണ് ആനക്കൊമ്പുകൾ. ബുധനാഴ്ച ക്ലബ്ബില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ പുറത്തുനിന്ന് ആളുകള്‍ എത്തിയിരുന്നു. വിരുന്നിനായി പുറത്തുനിന്ന് എത്തിയ 18 പേരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചശേഷം വിരുന്നില്‍ പങ്കെടുക്കാനെത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു പൂജപ്പുര പോലീസ് അറിയിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ മൂന്നിനെതിരെ അഞ്ച്ഗോളുകള്‍ക്കാണ് കാസര്‍ഗോഡ് കോട്ടയത്തെ പരാജയപ്പെടുത്തിയത്.
13ാം മിനിട്ടില്‍ കാസര്‍ഗോഡിന്റെ നായകന് ഉമര്‍ അഫാഫ് കോട്ടയത്തിനെതിരേ അക്കൗണ്ട് തുറന്നു. തൊട്ടുപിന്നാലെ ഇടത് വിംഗില്‍ നിന്നും കാസര്‍ഗോഡിന്റെ മധ്യനിര താരം മുഹമ്മദ് നിഹാദ് അലി മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റം കോട്ടയത്തിന്റെ വല ചലിപ്പിച്ചു. നിഹാദ് തൊടുത്ത ലോംഗ് റേഞ്ച് പോസ്റ്റിന്റെ ഇടതുമൂലയിൽ തറച്ചപ്പോൾ ഗാലറി ഇളകി മറിഞ്ഞു.
സ്കോര്‍ 2-0. 43-ാം മിനിട്ടില്‍ അഫാഫ് വീണ്ടും ഗോള്‍ നേടി. സ്കോര്‍ 3-0. 56ാം മിനിട്ടില്‍ ലഭിച്ച പെനാൽറ്റി കിക്ക് ഇഷാം അബ്ദുല്‍ ഖാദർ ഗോളാക്കി. ഹേമന്ത് സനില്‍കുമാറിന്റെ വകയായി അഞ്ചാം ഗോൾ.
പകരക്കാരായി ഇറങ്ങിയ കൃഷ്ണന് ഡി.മേനോന് (84 മിനിട്ട്)ജഗന്നാഥ് (85 മിനിട്ട്) ,ക്യാപ്റ്റൻ ആദിത്യന്( 95മിനിട്ട്) എന്നിവരാണ് കോട്ടയത്തിനായി ആശ്വാസഗോളുകള്‍ നേടിയത്.
District News
വെട്ടുവെന്നി വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആരംഭിച്ചു
പാറശാല : വെട്ടുവെന്നി വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്ര ഇടവക തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.
വൈകുന്നേരം 4. 30ന് വൈഎംസിഎ മൈതാനത്ത് നിന്നും തിരുനാള്‍ക്കൊടി റാലി നടന്നു.
ഇന്ന് ജപമാല, നോവേന, ദിവ്യബലി റവ. പി.അഗസ്റ്റിന്, റവ. ഫാ. പാല് റിച്ചാര്‍ഡ് ജോസഫും നേതൃത്വം നല്‍കും. നാളെ രാവിലെ എട്ടിനു ആദ്യകുര്‍ബാന സ്വീകരണം. രാത്രി എട്ടിനു വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണം.
16ന് രാത്രി എട്ടിനു സ്നേഹവിരുന്ന്. 17ന് രാവിലെ എട്ടിന് ദിവ്യബലി 9. 30ന് സ്നേഹവിരുന്ന്. പകല്‍ 11 നു കുഴിത്തുറ ബിഷപ്പ് ആല്‍ബര്‍ട്ട് അനസ്താസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് ആറിന് തിരുനാള്‍ ദിവ്യബലി. തുടര്‍ന്ന് മാര്‍ത്താണ്ഡം ബിഷപ്പ് വിന്‍സന്റ് ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ആഘോഷ ദിവസങ്ങളില്‍ നാടകം ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും.
താന്നിക്കുഴി സെന്റ് ജൂലിയാന ഇടവക തിരുനാളിനു കൊടിയേറി
നിലമാമൂട്: നാറാണി താന്നിക്കുഴി സെന്റ് ജൂലിയാന ദേവാലയ ഇടവക തിരുനാളിനു ഇടവക വികാരി ഫാ. ഷിജോ സോളമൻ കൊടിയേറ്റു നടത്തി. റവ. ഡോ. സിറിൽ ഹാരിന്റെ മുഖ്യകാർകത്വത്തിൽ ദിവ്യപൂജയും നടന്നു.
ഇന്ന് വൈകുന്നേരം ആറിന് ഫാ. ജോണ്‍ബോസ്കോയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഇന്ന് വൈകുന്നേരം ഏഴിന് ഫാ. ജസ്റ്റിൻ ഫ്രാൻസീസ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം. നാളെ വൈകുന്നേരം 5.30ന് ഫാ.സ്റ്റാലിൻ ടോമിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ഫാ. അനുരാജ് വചന പ്രഘോഷണം നടത്തം.
തിങ്കൾ വൈകുന്നേരം 5.30 ന് തിരുനാൾ സമൂഹ ബലി. നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ ക്രിസ്തുദാസ് തോംസണിന്റെ മുഖ്യകാർമികത്വത്തിൽ തോമസ് ജൂസ വചന സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക് സ്നേഹവിരുന്ന്, കലാവിരുന്ന് സഹ വികാരി ഫാ. ജാനയ്യ, സിസ്റ്റർ മേരി ജോസഫ്, ഇടവക അജപാലനസമിതി എന്നിവർ നേതൃത്വം നൽകും.
District News
തോമസ് വർഗീസ്
തിരുവനന്തപുരം: മൈതാനത്തിറങ്ങിയാൽ ഒരു ഗോളെങ്കിലും എതിരാളികളുടെ വലയിൽ നിക്ഷേപിക്കണം. അതാണ് അതീന്ദ്രന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇക്കുറിയും കൃത്യമായി നടപ്പാക്കി തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച പ്രകടനം സമ്മാനിക്കുന്നു.
സംസ്ഥാന യൂത്ത് ഫുട്ബോൾ മത്സരത്തിൽ രണ്ടു മത്സരത്തിനിറങ്ങി രണ്ടിലും ഗോൾനേട്ടവുമായി ശ്രദ്ധേയനാവുകയാണ് ആലപ്പുഴയുടെ കെ.പി അതീന്ദ്രനെന്ന 18 കാരൻ. യൂത്ത് ഫുട്ബോളിൽ ആലപ്പുഴയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും അതീന്ദ്രന്റെ പ്രകടനമാണ്. ഇതിനു മുന്‍പ് നടന്ന മത്സരങ്ങളിൽ എറണാകുളത്തിനും കണ്ണൂരിനുമെതിരേ ഗോൾ നേട്ടം സ്വന്തമാക്കി. ഇന്നു നടക്കുന്ന സെമിയിൽ മലപ്പുറത്തിനെതിരേ മികച്ച പ്രകടനം നടത്തി ആലപ്പുഴയെ ഫൈനലിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു അതീന്ദ്രൻ പറഞ്ഞു.
സ്ട്രൈക്കർ പൊസിഷനിലും മിഡ്ഫീൽഡിലും ഒരേപോലെ കളിക്കാൻ മിടുക്കു കാട്ടുന്ന ഈ കാൽപന്തുകളിക്കാരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് പരിശീലനം തുടങ്ങിയത് . കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലായിരുന്നു ആദ്യഘട്ടത്തിലെ പരിശീലനം. പികെബിസി ക്ലബിന്റെ പരിശീലനമായിരുന്നു. തുടർന്ന് എംഎസ്പി മലപ്പുറം ടീമിനൊപ്പം രാജ്യത്തെ തന്നെ സ്കൂൾ തലത്തിലെ മികച്ച ടൂർണമെന്റായ സുബ്രതോ കപ്പ് ഫുട്ബോളിൽ സെമിയിൽ ഇടംപിടിച്ചു. 2022-ൽ ആൻഡമാനിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ജൂണിയർ വിഭാഗത്തിൽ ചാന്പ്യൻമാരായ കേരള ടീമിന്റെ കരുത്തായി മാറി.
സ്കൂൾ തലത്തിലെ മികച്ച പ്രകടത്തിനു പിന്നാലെ കേരളാ പ്രീമിയർ ലീഗിലും അതീന്ദ്രൻ ഇടംപിടിച്ചു. ഇന്റർ കേരളാ എഫ്സിക്കുവേണ്ടി അവസാനത്തെ അഞ്ചു മത്സരത്തിനിറങ്ങി മൂന്നു ഗോളുകൾ സ്വന്തമാക്കി. സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ ആലപ്പുഴയ്ക്കുവേണ്ടി ജഴ്സി അണിഞ്ഞ് രണ്ടു ഗോൾ നേട്ടവും സ്വന്തമാക്കി. ഈ പ്രകടനത്തോടെ അതീന്ദ്രനു മുന്നിൽ സന്തോഷ് ട്രോഫി കേരളാ ക്യാന്പിലേയ്ക്കുള്ള വാതിലും തുറന്നു. അടുത്തവർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ 18 കാരൻ. തിരുവനന്തപുരത്ത് രണ്ടു മത്സരത്തിനിറങ്ങി രണ്ടിലും ഗോൾ നേട്ടം സ്വന്തമാക്കിയാണ് യൂത്തിലും തിളങ്ങിയത്.
കോഴിക്കോട് പുതിയങ്ങാടി എടയ്ക്കാട് കോയിക്കൽ പ്രസാദിന്റെയും ഷീബയുടേയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അതീന്ദ്രൻ. കോഴിക്കോടുകാരൻ ആലപ്പുഴയ്ക്കു വേണ്ടി ജഴ്സി അണിയുന്നതിനു കാരണം കോച്ച് റോബിൻ ആലപ്പുഴയിലായതിനാലാണ്. മാവേലിക്കര ബിഷപ് മൂർ കോളജ് ഗ്രൗണ്ടിലാണ് അതീന്ദ്രൻ പരിശീലനം നടത്തുന്നത്.
District News
വലിയതുറ: പെൺകുട്ടിയോട് മോശമായി പെരുമാറിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. ശംഖുംമുഖം രാജീവ് നഗര്‍ വയര്‍ലെസ് കോളനിയില്‍ താമസിക്കുന്ന റാംബോ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (43) ആണ് പോലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് മോശമായി പേരുമാറുകയും ചെയ്തതായി പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.
പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ സമാനമായ സംഭവം നടന്നിട്ടുളളതായി പറയുന്നു.
വീട്ടുകാര്‍ പോലീസില്‍ വിളിച്ചതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം രാത്രിതന്നെ രാജേഷിനെ പോലീസ് പിടികൂടി.
വലിയതുറ എസ്എച്ച്ഒ അശോക കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.